
തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജർമ്മനിയിൽ സ്റ്റൈപ്പെൻഡോടെയുള്ള സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മൻ ഭാഷ പരിശീലനം (ബി 2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാദ്ധ്യത, ജർമ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പെൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ജർമ്മനിയിൽ രജിസ്റ്റേർഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണൽ നഴ്സിംഗ് ട്രെയിനിംഗാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. ജർമ്മൻ ഭാഷയിൽ ബി 1, ബി 2 ലെവൽ പാസ്സായവരുമാകണം. www.norkaroots.org , www.nifl.norkaroots.org സന്ദർശിച്ച്, ഇംഗ്ലീഷിൽ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം 31നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അഭിമുഖം 2025 മാർച്ചിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org.
സൗദിയിൽ സ്റ്റാഫ് നഴ്സ് (പുരുഷൻ, മുസ്ലിം)
തിരുവനന്തപുരം: സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്കുളള സ്റ്റാഫ് നഴ്സ് (പുരുഷൻ, മുസ്ലിം) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കും. ബി.എം.ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ളാന്റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ.ആർ ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. നഴ്സിംഗിൽ ബി.എസ്സി പോസ്റ്റ് ബി.എസ്സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളള മുസ്ലിം വിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്ക് അപേക്ഷിക്കാം. സൗദി കമ്മിഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും വേണം. വിശദമായ സി.വി യും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org www.nifl.norkaroots.org സന്ദർശിച്ച് 24ന് വൈകിട്ട് 5 മണിക്കകം അപേക്ഷ നൽകണം.