
നെയ്യാറ്റിൻകര: വയോജനങ്ങൾക്കായി നെയ്യാറ്റിൻകര നഗരസഭ നിലമേൽ വാർഡിലെ കാവുവിളയ്ക്ക് സമീപം ഹാപ്പിനസ് പാർക്ക് നിർമ്മിക്കും. നഗരസഭ പദ്ധതി വിഹിതത്തിൽ നിന്നും 16 ലക്ഷം രൂപ ചെലവിട്ടാണ് പാർക്ക് ഒരുക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ട നിർമ്മാണം നവംബറിൽ പൂർത്തീകരിക്കും. വയോജനങ്ങൾക്ക് പ്രഭാത, സായാഹ്ന നടത്തത്തിനുള്ള സൗകര്യം, വിശ്രമിക്കാനും ഒത്തുകൂടാനുമുള്ള അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പാർക്കിലുണ്ട്. പാർക്കിനാവശ്യമായ ഭാഗത്ത് റോഡിന് ഇരുവശവും പാർശ്വഭിത്തി നിർമ്മിച്ച് പാർക്കിൽ ആദ്യഘട്ടത്തിൽ ഓപ്പൺ ജിമ്മും തണൽ മരങ്ങൾക്ക് അടുത്തായി ഇരിപ്പിടങ്ങളും ഒരുക്കും. ചെറിയ കൂട്ടായ്മകൾ ചേരുന്നതിനുള്ള സൗകര്യവും സ്റ്റേജും ഉണ്ടാകും. പൂന്തോട്ടത്തിന്റെ പരിചരണം പാർക്ക് ഉപയോഗിക്കുന്നവർക്കാണ്. പാർക്കിലെ കഫറ്റീരിയ മുഖ്യ ആകർഷകമാണ്. സാമൂഹിക ഇടപെടൽ കൂട്ടുന്നതും മുതിർന്നവർ ഒന്നിച്ചു വരുന്ന ഇടങ്ങളിൽ സമയം ചിലവഴിക്കുന്നതും ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളാണെന്ന് നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ പറഞ്ഞു.
ഫോട്ടോ ഹാപ്പിനസ് പാർക്കിന്റെ പ്രവേശനകവാടത്തിലെ നിർമ്മാണ പ്രവർത്തനം