
ഒഴിവുകൾ വകുപ്പു മേധാവികൾ പി.എസ്.സിയെ യഥാസമയം അറിയിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നാണ് സർക്കാർ കൂടക്കൂടെ മുന്നറിയിപ്പ് നൽകാറുള്ളത്. എന്നാൽ ഒരു സർക്കാർ വകുപ്പും ഈ നിർദ്ദേശം കൃത്യമായി പാലിക്കാറില്ല. നിവൃത്തിയുണ്ടെങ്കിൽ പിൻവാതിലിലൂടെ താത്കാലികക്കാരെ നിയമിച്ച് പി.എസ്.സിയുടെ റാങ്ക് പട്ടിക അട്ടിമറിക്കുകയാണ് ചെയ്യുന്നത്. പി.എസ്.സി വഴി നിയമിക്കപ്പെടുന്ന ഉദ്യാേഗസ്ഥന്മാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഖജനാവിനു ശേഷിയില്ലെന്ന കാരണം പറഞ്ഞാണ് ഈ തരികിട. റാങ്ക് പട്ടികയിൽ കടന്നുകൂടി വർഷങ്ങൾ കാത്തിരുന്നിട്ടും നിയമനം ലഭിക്കാതെ ഭാവി ഇരുളിലാകുന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ സംഖ്യ സംസ്ഥാനത്ത് പെരുകുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സിയുടെ ചരിത്രം എല്ലാവർക്കും അറിയാം. ഓരോവർഷം കഴിയുന്തോറും ഈ സ്ഥാപനം കൂടുതൽ മെലിഞ്ഞുകൊണ്ടിരിക്കുകയാണ്. ശമ്പളവും പെൻഷനും നൽകാൻ എല്ലാ മാസവും സർക്കാരിനു മുന്നിൽ കൈനീട്ടേണ്ട സ്ഥിതിയാണ്.
വരവും ചെലവും തമ്മിലുള്ള അന്തരം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. കൃത്യമായി ശമ്പള വിതരണം നടന്നിട്ട് വർഷങ്ങളായി. സർക്കാർ സഹായം വൈകിയാൽ ശമ്പളവും നീണ്ടുപോകും. പെൻഷൻകാരുടെ കാര്യം പറയാനുമില്ല. സഹികെട്ട് അവസാനം കോടതി വടിയെടുക്കുമ്പോഴാണ് ശമ്പളം നൽകാനുള്ള പണം സർക്കാർ കെ.എസ്.ആർ.ടി.സിക്ക് കൈമാറുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്കു മുൻപ് ശമ്പള വിതരണം നടക്കുമെന്ന വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം കാറ്റിലെവിടെയോ അലയുകയാണ്. എട്ടുവർഷം മുൻപ് 35,120 ജീവനക്കാരും 5200 സർവീസുകളുമായി സംസ്ഥാനത്തെ നിരത്തുകളിൽ നിറഞ്ഞുനിന്നിരുന്ന കെ.എസ്.ആർ.ടി.സിയുടെ നിലവിലെ സ്ഥിതി പരിതാപകരമാണ്. ജീവനക്കാരുടെ സംഖ്യ 23,000 ആയി കുത്തനെ കുറഞ്ഞു. സർവീസുകളാകട്ടെ നാലായിരം കഷ്ടിയാണ്. ജീവനക്കാരുടെ ഒഴിവുകൾ നൂറും ആയിരവുമൊന്നുമല്ല. നിലവിൽ 2560 ഒഴിവുകളിൽ ദിവസക്കൂലിക്ക് താത്കാലികക്കാരെ നിയമിക്കാനൊരുങ്ങുകയാണ്. കോർപ്പറേഷനിൽ സ്ഥിരം ജോലി സ്വപ്നംകണ്ട് കഴിയുന്ന യുവജനങ്ങളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്ന നിയമന നയം കോർപ്പറേഷൻ സ്വായത്തമാക്കിയിട്ട് നാളേറെയായി.
സർവീസിന് ഇറക്കാൻ ബസുകൾ വേണ്ടത്രയില്ലെന്നതിന്റെ പേരിൽ ജീവനക്കാരെ കുറയ്ക്കാൻ തുടങ്ങിയത് അഞ്ചുവർഷം മുൻപാണ്. നിയമന നിരോധനം പ്രാബല്യത്തിലിരുന്ന ഈ കാലയളവിൽ സർവീസുകളും നന്നേ കുറഞ്ഞു. കൈവശമുള്ള ബസുകൾപോലും സർവീസിനയയ്ക്കാൻ ജീവനക്കാരുടെ ക്ഷാമം തടസമായി. കൂടുതൽ ബസുകൾ വാങ്ങാനോ ലാഭകരമായി സർവീസുകൾ പുനഃസംഘടിപ്പിക്കാനോ കഴിയാതെ വന്നതോടെ നഷ്ടവും കൂടിക്കൊണ്ടിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ വിരമിച്ചത് 2560 ജീവനക്കാരാണ്. ആ ഒഴിവുകളിൽ പി.എസ്.സി നിയമനം നടത്തേണ്ടതിനു പകരം താത്കാലികക്കാരെ വച്ച് മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. താത്കാലികക്കാർക്ക് കുറഞ്ഞ വേതനം നൽകിയാൽ മതിയല്ലോ എന്നാണ് ചിന്ത. തൊഴിലാളികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നവർ തൊഴിൽ തേടുന്ന യുവതയോടു കാണിക്കുന്ന ഈ ചതിയും ദ്രോഹവും മനഃപൂർവം കണ്ടില്ലെന്നു നടിക്കുകയാണ്. നഷ്ടത്തിന്റെയും കാര്യക്ഷമതാരാഹിത്യത്തിന്റെയും പടുകുഴിയിൽ വീണുകിടക്കുന്ന കെ.എസ്. ആർ.ടി.സിയെ കരകയറ്റാൻ കൈക്കൊണ്ട നടപടികളൊന്നും വിജയിക്കാതെ പോയതിന്റെ കാരണങ്ങൾ സ്ഥാപനം ഭരിക്കുന്നവർക്ക് അറിയാത്തതൊന്നുമല്ല.
ഏഴെട്ടുകോടി രൂപ ദിവസ വരുമാനം ലക്ഷ്യമിട്ട് സർവീസുകൾ പുനഃസംഘടിപ്പിച്ചിരുന്നു. എന്നാൽ ബസുകളുടെ കുറവ് സർവീസുകളെ പ്രതികൂലമായി ബാധിച്ചതോടെ വരുമാനത്തിലും ഏറ്റക്കുറച്ചിലുണ്ടായി. ബസുകളുടെ എണ്ണം വർദ്ധിപ്പിച്ചാലേ സർവീസുകളും കൂട്ടാനാവൂ. അതനുസരിച്ച് സ്റ്റാഫിന്റെ എണ്ണവും വർദ്ധിപ്പിക്കേണ്ടതുണ്ട്. അയ്യായിരത്തിലേറെ ബസുകൾ ഓടിക്കൊണ്ടിരുന്നിടത്ത് നാലായിരം ബസായി ചുരുങ്ങുമ്പോൾ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ ഊഹിക്കാവുന്നതേയുള്ളൂ. സ്ഥാപനം മേൽഗതി പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്ന ആരും ചെയ്യാൻ പാടില്ലാത്ത നയസമീപനങ്ങളാണ് കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും ഉയർന്ന ബസ് നിരക്ക് ഇവിടെയാണ്. എന്നിട്ടും കെ.എസ്.ആർ.ടി.സിക്ക് സ്വന്തം കാലിൽ നിൽക്കാൻപോലും കഴിയുന്നില്ല. എല്ലാ മാസവും ഖജനാവിൽ നിന്ന് വലിയൊരു സംഖ്യ ഈ സ്ഥാപനത്തെ നിലനിറുത്താൻ നൽകേണ്ടിവരുന്നു. യാത്രക്കാരെയും സ്വന്തം ജീവനക്കാരെയും ഒരുപോലെ ദ്രോഹിക്കുന്ന സമീപനവുമായി ഇനിയുമെത്ര കാലം സ്ഥാപനത്തിന് മുന്നോട്ടു പോകാനാകും?