
വെഞ്ഞാറമൂട്: കന്നിമാസത്തിലെ മകം നാൾ, നെല്ലിന്റെ ജന്മദിനമായി ആഘോഷിച്ച് നെല്ലനാട്ടുകാർ. ഒരു കാലത്ത് നെല്ലിന്റെ ഈറ്റില്ലമായിരുന്നു വെഞ്ഞാറമൂട്ടിലെ നെല്ലനാട്. ഈ നാളിൽ കർഷകർ നെൽവിത്തുകൾ പ്രത്യേക ആചാരത്തോടെ പൂജകൾക്കായി സമർപ്പിക്കും. പരമ്പരാഗത കൃഷികളെല്ലാം നിന്നെങ്കിലും നെല്ലനാട്ടുകാർ തങ്ങളുടെ വിശ്വാസത്തെ കൈവിട്ടിട്ടില്ല. ആചാരങ്ങളുടെ ഭാഗമായി പശുവിന് നൽകുന്ന നെൽച്ചെടിയിൽനിന്ന് ഉതിർന്നുവീഴുന്ന നെൽവിത്തുകൾ കാലിത്തൊഴുത്തിലെ പുൽക്കൂട്ടിൽ നിന്നും കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ പെറുക്കിയെടുക്കും. നെല്ല് കഴുകി ഇലയിൽ ഭസ്മം ഇട്ട് പൂവും നെല്ലും വയ്ക്കും. നാഴി,പറ,ഇടങ്ങഴി എന്നിവയും കുളിപ്പിച്ച് ഇലയിൽ വയ്ക്കും.തുടർന്ന് കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു നെൽവിത്തുകളെ കുങ്കുമം പുരട്ടി കണ്ണെഴുതി പൊട്ടുതൊടും. ഇങ്ങനെ ഒരുക്കിയ നെൽമണികളെ അരച്ച് ഉരുട്ടിയെടുത്ത ചന്ദനക്കട്ടകളിൽ പുതച്ച് ക്ഷേത്രത്തിൽ പൂജകൾക്കായി സമർപ്പിക്കുന്നതോടെ നെല്ലിന്റെ നാളായ മകം ആഘോഷം സമാപിക്കും. നെല്ലിന്റെ കാർഷിക സമൃദ്ധിക്കുവേണ്ടിയാണ് ഇത്തരത്തിലുള്ള ആചാരമെന്നാണ് പഴമക്കാർ പറയുന്നത്.