
ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിൽ നിന്ന് രണ്ട് പായ്ക്കറ്റുകളാക്കിയ 7 കിലോ കഞ്ചാവ് പിടിച്ചു. ബീമാപ്പള്ളി വള്ളക്കടവ് സ്വദേശികളായ അനസ് (37), സുകുമാരൻ(60) എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആന്ധ്രയിൽ നിന്ന് എറണാകുളത്ത് എത്തിച്ച ശേഷമാണ് കഞ്ചാവ് ഇരുവർക്കും കൈമാറിയത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം ഐ. ബി പാർട്ടിയും,ചിറയിൻകീഴ് എക്സൈസ് റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ ആറ്റിങ്ങൽ ഡിപ്പോ പരിസരത്തു നിന്നു ഇവരെ പിടികൂടുകയായിരുന്നു. കെ.എസ്. ആർ.ടി.സി കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരാണ് ബസ് ട്രാക്ക് ചെയ്തു പ്രതികളെ കണ്ടെത്തുന്നതിന് സഹായിച്ചത്. അനസ് നിരവധി തവണ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയാണ്.സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ,ആർ.ജി.രാജേഷ്,കെ.വി.വിനോദ്, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാർ,പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, ബിനു, താജുദീൻ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രജിത്ത്, സിവിൽ എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും, ചിറയിൻകീഴ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുക്കുട്ടനും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.