
തിരുവനന്തപുരം: 63ാം വയസിലെ പരീക്ഷയാണ്, ഗവ.മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ മുറ്റത്ത് നിൽക്കുമ്പോൾ മുഖത്ത് ആത്മവിശ്വാസത്തിന്റെ ചിരിയുമായി ഗിരീഷ് കുമാറും സുകുമാരിയും. ജീവിത പ്രാരാബ്‌ധങ്ങളുടെ ഭാരത്താൽ മുടങ്ങിപ്പോയതാണ് പഠനം. സാക്ഷരതാമിഷനും നഗരസഭയും സംയുക്തമായി നടത്തുന്ന അക്ഷരശ്രീ പ്രോജക്ടിലെ പത്താംതരം തുല്യതാപരീക്ഷാ പഠിതാക്കളാണ് ഇരുവരും.
പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന അണ്ടൂർക്കോണം സ്വദേശി പി.പി.ഗിരീഷ് കുമാർ ന്യൂറോസംബന്ധമായ രോഗത്തിന് ശ്രീചിത്രയിലെ ചികിത്സയിലാണ്. നിരവധി രോഗങ്ങൾക്ക് മെഡിക്കൽ കോളേജിലും ചികിത്സ തേടുന്നുണ്ട്. ഓർമ്മപ്രശ്‌നങ്ങൾ അലട്ടുന്നെങ്കിലും എങ്ങനെയെങ്കിലും പത്താംതരം പാസാകണമെന്നാണ് ആഗ്രഹം. 72കാരൻ എസ്.എസ്.എൽ.സി പാസായ വാർത്തയാണ് ധൈര്യം നൽകിയതെന്ന് ഗിരീഷ് കുമാർ പറയുന്നു. കുളത്തൂർ ഗവ.എച്ച്.എസ്.എസിലെ തുല്യതാക്ളാസിൽ ഗിരീഷ് കുമാറിന് പിന്തുണയുമായി കോ-ഓർഡിനേറ്റർ അബീത ബിജുവുമുണ്ട്.
കുടുംബശ്രീയുടെ തിരികെ സ്‌കൂളിൽ ക്യാമ്പെയിനിലൂടെ പ്രായമായവർ സ്‌കൂളിലേക്കെത്തുന്നത് കണ്ടപ്പോഴാണ് അടക്കേണ്ടതല്ല ആഗ്രഹമെന്ന് എം.സുകുമാരി മനസിലുറപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഗവ.മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിലെ തുല്യതാക്ളാസിൽ ചേർന്ന സുകുമാരി അയിരൂപ്പാറ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രീപ്രൈമറി ആയയാണ്. രാവിലെ എട്ടരയ്ക്ക് സ്കൂളിലെത്തണം,വീട്ടുകാര്യം നോക്കണം,നെട്ടോട്ടത്തിനിടയിലും അവധിദിനങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും തുല്യതാക്ളാസിലെത്തും. അസൈൻമെന്റും പ്രോജക്ടുമൊക്കെ ഉത്സാഹത്തോടെ ചെയ്യുന്ന സുകുമാരിയുടേത് നല്ല കൈയക്ഷരമാണെന്ന് കോ-ഓർഡിനേറ്ററായ അഞ്ജുനാഥ് പറയുന്നു.
പഠിച്ച് പാസായാലും ഈ പ്രായത്തിൽ ഞങ്ങൾക്ക് ജോലിയൊന്നും കിട്ടില്ലെന്നേ...പഠനത്തിന് പ്രായമൊരു പ്രശ്‌നമേയല്ലെന്ന് തെളിയിക്കാനാണ് ഞാൻ പത്തിലെഴുതുന്നത്. നാണക്കേടുകൊണ്ട് പഠിക്കാൻ മടിക്കുന്നവരുണ്ട്. ഞങ്ങളെ കണ്ടിട്ടെങ്കിലും അവർ മടിക്കാതെ പഠിക്കട്ടെ-ചിരിയോടെ സുകുമാരി സ്‌കൂളിന്റെ മുറ്റത്ത് നിന്നു. ഇന്നലെ തുടങ്ങിയ പരീക്ഷ 30ന് അവസാനിക്കും.