vld-3

വെള്ളറട: മാലിന്യങ്ങൾകൊണ്ട് നിറഞ്ഞ അമ്പൂരി മായം കടവ് ശുചീകരിച്ചു. കടവിന്റെ പരിസരത്ത് വലിച്ചെറിഞ്ഞിരുന്ന മദ്യകുപ്പികളും പ്ളാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കി. ഒഞ്ചുമരങ്കാല പൊന്നമ്പി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിറ്റ്നസ് ഹബിലെ അംഗങ്ങളാണ് മാലിന്യ നിർമ്മാർജ്ജനത്തിന് നേതൃത്വം നൽകിയത്. പ്രാദേശിക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിറ്റുള്ള സ്ഥലങ്ങളിൽ ഒന്നാണ് മായം കടവ്. ഇവിടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. മാലിന്യങ്ങൾ കുന്നുകൂടിയതോടെ സമീപവാസികളും പകർച്ചവ്യാധികളുടെ ഭീഷണിയിലായിരുന്നു. സംഭവമറിഞ്ഞ് ഫിറ്റ്നസ് ഹബ് മാനേജിംഗ് ഡയറക്ടർ അനന്തു ശുചീകരണ പ്രവർത്തനം ഏറ്റെടുക്കാൻ തയ്യാറായി. ഇന്നലെ അനന്തുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. കടവിനെ സംരക്ഷിക്കുന്നതിനും സാമൂഹ്യവിരുദ്ധരുടെ ശല്യം നിയന്ത്രിക്കുന്നതിനും സ്ഥലത്ത് നിരീക്ഷണ ക്യാമറകളും ചെക്ക് പോസ്റ്റും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായും വൈസ് പ്രസിഡന്റ് പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ആന്റോ, ഷൈൻ ഡേവിഡ്, നൗഷാദ്,നിഷാദ് ഷേക്ക്, ഉഷ,അനിത,തുഷാര തുടങ്ങിയവർ നേതൃത്വം നൽകി. കടവിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ ചാക്കുകളിലാക്കി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറി.