biju

വർക്കല: പൊലീസ് സ്റ്റേഷനു സമീപം കടത്തിണ്ണയിൽ പെയിന്റിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ വലയന്റകുഴി ഒലിപ്പുവിളവീട്ടിൽ ബിജു (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. രക്തം വാർന്നൊലിച്ച നിലയിൽ സമീപത്തെ സൈക്കിൾ ഷോപ്പിനും സ്റ്റേഷനറി കടയ്ക്കും മദ്ധ്യേ ചാരി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഡോഗ് സ്‌കോഡും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. പൊലീസ് നായ മിയ മൈതാനം ജംഗ്ഷൻ വരെ രണ്ടുവട്ടം മണംപിടിച്ചെത്തി. നെറ്റിക്ക് മുകളിലായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരിശോധനയിൽ കൊലപാതകത്തിന് സാദ്ധ്യത പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ജനസംസാരം.

അന്വേഷണം

സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്

സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഡിവൈ.എസ്.പി ഓഫീസിനോട് ചേർന്നുള്ള നടപ്പാതയിൽ തുകൽ തുന്നൽ ജോലി ചെയ്യുന്ന ആറുപേരെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി ബിജു മദ്യപിക്കാൻ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു . ചെരുപ്പുകുത്തികളായ ഈ സുഹൃത്തുക്കളാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ഞായറാഴ്ച രാത്രി ബിജു ഇവർക്കൊപ്പം ഉണ്ടായിരുന്നോ എന്നും മദ്യപിച്ചു അടിപിടി ഉണ്ടായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവ് ചെരുപ്പിന്റെ റബ്ബർ സോൾ മുറിക്കാൻ ഉപയോഗിക്കുന്ന കൂർത്ത ഉളിപോലുള്ള ആയുധം കൊണ്ടാവാം എന്നുള്ള സംശയവും പൊലീസിനുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ വിശദമായ ചോദ്യം ചെയ്യൽ വേണ്ടിവരുമെന്ന് പൊലീസ് പറയുന്നു. കൂടാതെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വീണ് പരിക്കേൽക്കാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ബിജുവിന്റെ ബൈക്ക് വർക്കല മുനിസിപ്പൽ പാർക്കിനു സമീപം പൊലീസ് കണ്ടെത്തി. ഒരു ബാഗിൽ വസ്ത്രങ്ങളും രണ്ട് ഹെൽമെറ്റുകളും ബൈക്കിൽ ഉണ്ടായിരുന്നു.