
നെടുമങ്ങാട്: പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരുടെ നടുവൊടിക്കുന്ന ഡിപ്പോയും പരിസരവും. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിയ ഗാരേജ്. ദുർഗന്ധം വമിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്. യാത്രക്കാർക്ക് മൂക്കുപൊത്താതെ ബസ് സ്റ്റാൻഡിൽ നില്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയുടെ ഈ ശോച്യാവസ്ഥ നേരിട്ടറിയാൻ മന്ത്രി ജി.ആർ.അനിൽ എത്തി. ഒപ്പം ട്രാൻസ്‌പോർട്ട് സി.എം.ഡി പ്രമോജ് ശങ്കറും. യാത്രക്കാരുടെ പരാതികൾ കേട്ട് ദുരവസ്ഥ നേരിട്ടറിഞ്ഞതോടെ ഉടൻ നടപടിയുണ്ടായി. ബസ് സ്റ്റാൻഡും പരിസരവും അടിയന്തരമായി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാനും സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റ് നവീകരിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
75 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. പ്രവേശന കവാടത്തിലെ ഹൈമാസ്റ്റ് പ്രവർത്തനക്ഷമമാക്കാനും ഗാരേജിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് മതിയായ സംവിധാനങ്ങൾ ഒരുക്കാനും നഗരസഭ അധികൃതർക്ക് നിർദേശം നൽകി. സ്വീവേജ് പ്ലാന്റ് നവീകരിക്കാൻ കെ.എസ്.ആർ.ടി.സിയോടും നിർദേശിച്ചു.
യാത്രക്കാരുടെ ആവശ്യപ്രകാരം സി.സി.ടി.വി കാമറകൾ ഉടൻ സ്ഥാപിക്കുമെന്നും സമഗ്ര നവീകരണത്തിന് ആവശ്യമായ തുക അടുത്ത ബഡ്ജറ്റിൽ നീക്കിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളകൗമുദി വാർത്ത തുണച്ചു
നടുവൊടിക്കുന്ന 'ശുഭയാത്ര" നെടുമങ്ങാട് ഡിപ്പോയിൽ യാത്രക്കാർ വലയുന്നു"" എന്ന തലക്കെട്ടിൽ കഴിഞ്ഞ ഒന്നിന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഡിപ്പോയുടെ ദുരവസ്ഥ നേരിൽ കാണാൻ ട്രാൻ. സി.എം.ഡിക്കൊപ്പം മന്ത്രി എത്തിയത്. സിവിൽ എക്സി. ഡയറക്ടർ ഷറഫ് മുഹമ്മദ്, അസിസ്റ്റന്റ് ട്രാൻ. ഓഫീസർ ഷെസിൻ ആർ.ജെ, നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, മുനിസിപ്പൽ ഓവർസിയർ മുഹമ്മദ് ബിസിലി, സി.പി.എം ഏരിയ സെക്രട്ടറി ആർ.ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,ജില്ലാ കൗൺസിൽ അംഗം പി.കെ.സാം തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.