പോത്തൻകോട്: മദ്യപസംഘങ്ങൾ ഏറ്റുമുട്ടി രണ്ടുപേർക്ക് കുത്തേറ്റ സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. അയിരൂപ്പാറ ജംഗഷനു സമീപം തിരുവാതിരയിൽ അഖിൽ (27),ഇയാളുടെ സുഹൃത്തും ആയിരൂപ്പാറ സ്വദേശിയുമായ വിപിൻ മോഹൻ (30) എന്നിവർക്കാണ് കുത്തേറ്റത്.
ഇക്കഴിഞ്ഞ 16ന് രാത്രി 11.20ന് പോത്തൻകോട്ടെ സിറ്റി ബിയർ പാർലറിന് സമീപത്താണ് സംഭവം. പാർലറിൽ ബിയർ വാങ്ങാനെത്തിയ അഖിൽ,വിപിൻ മോഹൻ,സൂരജ് എന്നിവർ ആ സമയം അവിടെയെത്തിയ മംഗലപുരം സ്വദേശി ഫൈസലിന്റെ സംഘവുമായി വാക്കുതർക്കമുണ്ടായി. പരസ്‌പരം അസഭ്യംവിളിച്ച് സംഘർഷാവസ്ഥ ഉണ്ടായതോടെ മറ്റുള്ളവർ ഇടപെട്ട് ഇരുസംഘത്തെയും പറഞ്ഞുവിട്ടു. ഇതിനുശേഷം അഖിലും വിപിൻ മോഹനും സൂരജും പോത്തൻകോട് എച്ച്.കെ തിയേറ്ററിന് സമീപത്ത് വച്ചിരുന്ന ബെെക്കെടുക്കാൻ തിരികെയെത്തി.
ഇതറിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം സ്ഥലത്തെത്തിയ ഫൈസി എന്ന ഫെെസൽ ബൈക്കിൽ പോകാൻ ശ്രമിച്ച അഖിലിനെയും കൂടെയുള്ളവരെയും തടഞ്ഞുനിറുത്തി വീണ്ടും തർക്കത്തിലായി. ഫൈസൽ ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അഖിലിനെയും വിപിൻ മോഹനെയും മറ്റ് സുഹൃത്തുക്കളെത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അഖിലിന് ഇടതുതാേളിലും വിപിൻ മോഹനന് ഇടത് കൈയിലുമാണ് പരിക്ക്.
അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും വിപിൻ മോഹനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ല. ആശുപത്രിയിൽ കഴിഞ്ഞിരുന്നവരുടെ മൊഴിയെടുത്ത ശേഷമാണ് പൊലീസ് ഇപ്പോൾ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.