
തിരുവല്ലം: തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപത്തെ കാവിൻപുറം-കൊല്ലന്തറ റോഡ് തകർന്നു. മഴപെയ്താൽ കാൽനട പോലും അസാദ്ധ്യമാണെന്ന് നാട്ടുകാർ പറയുന്നു. ടോൾ നൽകുന്നത് ഒഴിവാക്കുന്നതിനായി കാറുൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കോവളം ഭാഗത്തു നിന്ന് തിരുവല്ലത്തേക്ക് പോകുമ്പോൾ ടോൾ ഗേറ്റിന്റെ ഒരു വശത്തുനിന്നും ഇടത്തേക്കുള്ള ഇടറോഡിൽ കയറി ടോൾ ഗേറ്റിന്റെ മറുവശത്ത് എത്താനുള്ള റോഡാണിത്. നിരന്തരം വാഹനങ്ങൾ പോയതോടെ റോഡ് തകർന്നു. പ്രദേശവാസികളുടെ ഇരുചക്ര വാഹനങ്ങൾപോലും പോകാനാകാത്തത്ര കുണ്ടും കുഴിയുമായി മാറി. മഴപെയ്താൽ കാൽനട യാത്രയും ബുദ്ധിമുട്ടിലാകും. സ്കൂൾ കുട്ടികൾ ചെളിവെള്ളത്തിൽ ഇറങ്ങി പോകേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
അപകടം പതിവ്
രാത്രിയായാൽ ഇവിടെ അപകടക്കെണിയാണ്. ടോൾ ഒഴിവാക്കി സ്ഥലം പരിചയമില്ലാതെ എത്തുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നതും പതിവായി. വെള്ളക്കെട്ട് തുടരുന്നതിനാൽ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. ബൈപാസിന്റെ കോവളം ഭാഗത്തു നിന്നുള്ള ടോൾ പ്ലാസ വരെയുള്ള ഏതാണ്ട് ഒരു കിലോമീറ്ററോളം നീളുന്ന ഇടറോഡിനാണ് ഈ അവസ്ഥ.
ഒരു വർഷം മുൻപ് ടാർ ചെയ്ത റോഡാണ് വാഹനങ്ങളുടെ തിരക്കിൽ ശോച്യാവസ്ഥയിലായത്. ലോഡുമായെത്തുന്ന ലോറികളും ടോൾ ഒഴിവാക്കാൻ ഇതുവഴിയാണ് പോകുന്നത്. കുഴികൾ നിറഞ്ഞതോടെ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും കഴിയില്ല.
റേഷൻ മുടങ്ങുമോ?
റോഡ് അപകടാവസ്ഥയിലായതിനാൽ സമീപത്തെ റേഷൻ കടയിലേക്ക് അരി ലോഡ് എത്തിക്കാനുള്ള ബുദ്ധിമുട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ 300 ഓളം കുടുംബങ്ങളുടെ റേഷൻ മുടങ്ങുമോയെന്ന ഭയത്തിലാണ് പ്രദേശവാസികൾ.
ചെളിവെള്ളം വീടുകളിലേക്ക്
മഴ പെയ്താൽ റോഡിനിരുവശത്തെ വീടുകളിൽ ചെളിവെള്ളം ഒലിച്ചിറങ്ങുകയാണ്. വേഗത്തിലെത്തുന്ന വാഹനങ്ങൾ തെറിപ്പിക്കുന്ന ചെളിവെള്ളം വീടുകളിലെ ചുമരുകളിലും വീണ് വൃത്തികേടാകുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.