
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലെന്ന് ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ. ബി.ജെ.പിക്കൊപ്പം യു.ഡി.എഫിനെയും പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഉപതിരഞ്ഞെടുപ്പ് സർക്കാരിനെ ബാധിക്കുന്നതല്ല. എന്നാൽ ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനവും വിലയിരുത്തിയേക്കാമെന്നുംഅദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി രൂപീകരണം 24ന് നടക്കും. പാലക്കാട്, ചേലക്കര എന്നിവിടങ്ങിൽ 25ന് കൺവെൻഷൻ നടക്കും. ചേലക്കരയിൽ 10:30ന് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അടുത്ത മാസം 6 മുതൽ പത്ത് വരെ എല്ലായിടത്തും പ്രചാരണ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ഒരു ബൂത്തിൽ പത്ത് കുടുംബ യോഗങ്ങൾ സംഘടിപ്പിക്കും.
വയനാട് ദുരന്തത്തിൽ കേന്ദ്രം ഇതു വരെ സഹായം നൽകിയിട്ടില്ല. ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. മാതൃകാപരമായ പുനരധിവാസ പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ട് പോവില്ല. അൻവറും അദ്ദേഹത്തിന്റെ പാർട്ടിയും വെല്ലുവിളിയല്ല. സരിന്റെ സ്ഥാനാർത്ഥിത്വം പ്രവർത്തകർ അംഗീകരിക്കുന്നുണ്ട്. സി.പി.എമ്മിനെതിരായ അദ്ദേഹത്തിന്റെ കടന്നാക്രമണം രാഷ്ട്രീയ നിലപാടിന്റെ ഭാഗമായുള്ളതാണ്. ഷാഫിക്ക് വോട്ട് ചെയ്യുകയെന്ന നിലപാട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് എടുത്തിട്ടില്ല.നവീൻ ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച വിഷയത്തിൽ ആത്മാർത്ഥതയോടെയുള്ള ഇടപെടലുകളാണ് പാർട്ടിയും സർക്കാരും നടത്തിയിട്ടുള്ളതെന്നും
അദ്ദേഹം പറഞ്ഞു.