തിരുവനന്തപുരം : ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓട്ടുരുളി മോഷണം പോയ കേസിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തന്നു പഞ്ചാബ് സ്വദേശിയായ ഓസ്ട്രേലിയയിലെ ഡോ. ഗണേഷ് ഝാ ഉരുളി മോഷ്ടിച്ചതല്ലെന്ന് വ്യക്തമാകുന്ന മൊഴികളാണ് പൊലീസിന് ലഭിച്ചത്.

മാറി കിട്ടിയ ഓട്ടുരുളിയുമായി ക്ഷേത്രത്തിനുള്ളിൽ ചുറ്റിനടന്ന് അര മണിക്കൂറോളം തൊഴുതെന്നും അതിനിടെയിൽ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഉരുളി അപ്പോൾ തന്നെ കൊടുക്കുമായിരുന്നുവെന്നുമാണ് ഡോ.ഗണേഷ് ഝായുടെ മൊഴി. എന്നാൽ അന്ന് വിജയ ദശമിയായതിനാൽ ക്ഷേത്രത്തിൽ വൻഭക്തജന തിരക്കായിരുന്നുവെന്നും അതിനിടെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് ജീവനക്കാരുടെ മൊഴി. ഝായും ഭാര്യയും സഹോദരിയും പടിഞ്ഞാറേനടയിലൂടെയാണ് ക്ഷേത്രത്തിലേക്ക് കയറിയതും തിരികെ പോയതും. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും മൊഴിയെടുത്തു.

ക്ഷേത്രത്തിൽ ചുറ്റി നടന്ന് തൊഴുതപ്പോൾ കൈയ്യിൽ കരുതിയിരുന്ന ഉരുളി പുറത്തേക്ക് ഇറങ്ങിയപ്പോൾ മുണ്ട് ഉപയോഗിച്ച് മറച്ച സി.സി.ടി.വി ദൃശ്യങ്ങൾ മാത്രമാണ് ഡോ.ഗണേഷ് ഝായ്ക്ക് എതിരായ തെളിവ്. മറ്റുള്ള കാര്യങ്ങളിലെല്ലാം ഝായുടെ മൊഴി വിശ്വസിച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്.കേസന്വേഷണത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ സ്റ്റേഷനിലെത്തണമെന്നാണ് ഡോ. ഗണേഷ് ഝായ്ക്ക് പൊലീസിന്റെ നിർദ്ദേശം.

ഈമാസം 13ന് രാവിലെ 8നും 9നും ഇടയിലായിരുന്നു മൂവരും ദർശനത്തിനെത്തിയത്.ഒറ്റക്കൽ മണ്ഡപത്തിന് താഴെ ക്യൂ നിൽക്കുന്നതിടെ പ്രമേഹരോഗ ബാധിതനായ ഇയാൾ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണു. ക്യൂവിലുണ്ടായിരുന്നവർ നിലത്തുവീണ പൂജാ സാധനങ്ങൾ എടുത്ത് സമീപത്തിരുന്ന ഓട്ടുരുളിയിലാക്കിയാണ് തനിക്ക് തന്നതെന്നാണ്

ഝായുടെ മൊഴി.

ഓട്ടുരുളി മോഷണത്തിൽ പടിഞ്ഞാറെ നടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് ഉൾപ്പെടെ നടപടി ഉറപ്പായതോടെ വിജയദശമി ദിനത്തിലെ ക്രമാതീതമായ തിരക്ക് ചൂണ്ടിക്കാട്ടി രക്ഷപ്പെടാനാണ് ശ്രമം.ക്ഷേത്രത്തിലേക്ക് പൂജാ ദ്രവ്യങ്ങളടങ്ങിയ പാത്രവുമായി പോയ ആൾ തിരികെ പാത്രവുമായി വരുമ്പോൾ മെറ്റൽ ഡിറ്റക്ടറിൽ ശബ്ദം കേട്ടാലും അസ്വാഭാവികത തോന്നില്ലെന്നാണ് പൊലീസുകാരുടെ വാദം. എന്നാൽ ഝാ മുണ്ടു കൊണ്ട് ഉരുളി മറച്ചാണ് പുറത്തേക്ക് കൊണ്ടുപോയതെന്ന് സി സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.