തിരുവനന്തപുരം: മുംബയ് പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്‌റ്റിലൂടെ ഐ.ടി എൻജിനിയറായ യുവതിയിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്തു. പേട്ടയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനിക്കാണ് പണം നഷ്ടമായത്. അർമാൻ അലി എന്ന പേരിൽ മുംബയിൽ നിന്നും ഇറാനിലേയ്ക്ക് പാഴ്‌സൽ അയച്ചെന്നും അതിൽ നിന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ എം.ഡി.എം.എ പിടിച്ചെടുത്തെന്നും പാഴ്സൽ അയയ്ക്കാൻ യുവതിയുടെ മൊബൈൽ നമ്പർ ആണ് ഉപയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
മുംബയ് സൈബർ ക്രൈം വിഭാഗത്തിലെ മുതിർന്ന ഓഫീസറെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പേട്ട പൊലീസ് പറഞ്ഞു. ഒരു കൊറിയർ കമ്പനിയുടെ കസ്‌റ്റമർ സർവീസ് സെന്ററിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വന്ന ഫോൺ കോളിലാണ് തട്ടിപ്പിന്റെ തുടക്കം. മുംബയിൽ നിന്ന് ഇറാനിലേയ്ക്കു അയച്ച പാഴ്സൽ എയർപോർട്ടിൽ കസ്‌റ്റംസ് പരിശോധിച്ചപ്പോൾ എം.ഡി.എം.എ കണ്ടെത്തിയെന്ന് പറഞ്ഞു. പാഴ്സൽ അയയ്ക്കുന്നതിന് യുവതിയുടെ ഫോൺ നമ്പറാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അറിയിച്ചു.
താൻ മുംബയിൽ പോയിട്ടില്ലെന്നും പാഴ്സൽ അയച്ചിട്ടില്ലെന്നും യുവതി പറഞ്ഞപ്പോൾ മുംബയ് പൊലീസുമായി കണക്ട് ചെയ്യാമെന്ന് അറിയിച്ചു. തുടർന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്ന് ഭാവിച്ച് ഒരാൾ വീഡിയോ കോളിൽ സംസാരിച്ചു. യുവതിയുടെ ആധാർ നമ്പർ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ തീവ്രവാദികൾക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്നു വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ച് മനസിലാക്കി.
ബാങ്കിൽ വലിയ തുക നിക്ഷേപം ഇല്ലെന്നു മനസിലാക്കിയ തട്ടിപ്പുസംഘം വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി ബാങ്ക് ആപ്പ് വഴി 5 ലക്ഷം രൂപ ലോൺ എടുപ്പിച്ചു ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു.