തിരുവനന്തപുരം: വയലാർ വർഗീയതയെ എപ്പോഴും ശക്തിയായി വിമർശിച്ചിരുന്നെന്നും കേരളത്തിൽ കമ്മ്യൂണിസത്തെ വളർത്തിയതിൽ വയലാറിന്റെ സംഭാവനയുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.വയലാർ രാമവർമ്മ സാംസ്‌കാരികോത്സവം കാർത്തിക തിരുനാൾ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട മനുഷ്യരുമായി അദ്ദേഹത്തിന് ആത്മബന്ധമായിരുന്നു. കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ വയലാറിന്റെ രചനകൾ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയലാർ രാമവർമ്മ സാംസ്‌കാരികവേദി പ്രസിഡന്റ് ജി.രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വയലാർ കർമരത്ന പുരസ്‌കാരം പ്രമോദ് പയ്യന്നൂരിനും വയലാർ സംഗീതപുരസ്‌കാരവും എ.ഡി.ജി.പി എസ്.ശ്രീജിത്തിനും ഗായകൻ പന്തളം ബാലനും എം.വി.ഗോവിന്ദൻ സമ്മാനിച്ചു.
ആർ.എസ്.വിജയമോഹൻ,ശ്രീവത്സൻ നമ്പൂതിരി,മണക്കാട് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പന്തളം ബാലന്റെ നേതൃത്വത്തിൽ ഗാനമേളയും സിത്താര ബാലകൃഷ്ണന്റെ നൃത്തവും അരങ്ങേറി. ഇന്ന് വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.