
വർക്കല: ഇടവ റെയിൽവേ മേൽപ്പാലത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയിൽ നൽകിയ കേസ് തള്ളിയതോടെ നിലവിലെ തടസങ്ങൾ നീങ്ങി. വർഷങ്ങൾക്കു മുമ്പ് ആസൂത്രണം ചെയ്ത പദ്ധതി ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോവുകയാണ്. ഇതോടെ ഇടവയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.
മേൽപ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർനടപടി വേഗത്തിലാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. പദ്ധതിപ്രകാരം വർക്കല - പരവൂർ റോഡിൽ ഇടവ പ്രസ്‌മുക്കിനു സമീപത്തു നിന്നാരംഭിച്ച് ഇടവ റെയിൽവേ സ്റ്റേഷൻ പള്ളിക്ക് പിന്നിൽ കാപ്പിൽ എച്ച്.എസ്. റോഡിൽ അവസാനിക്കുന്ന വിധത്തിലാണ് മേൽപ്പാലത്തിന്റെ അലൈൻമെന്റ്. ഭൂമി വിട്ടുനൽകിയവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുത്തു. കേസ് നൽകിയ സ്വകാര്യവ്യക്തികളുടെ തുക കോടതിയിൽ കെട്ടിവച്ചിരിക്കുകയാണ്. സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മതിലുകളും കെട്ടിടങ്ങളും ഇതിനോടകം പൊളിച്ചുതുടങ്ങി.
നാൾവഴികൾ
ഏഴ് വർഷം മുമ്പ് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയ മേൽപ്പാലത്തിന് 2017 മേയ് മാസത്തോടെ കിഫ്ബി തുക അനുവദിച്ചു. പിന്നീട് ഒന്നരവർഷം കഴിഞ്ഞാണ് മേൽപ്പാലത്തിന് റെയിൽവേ അനുമതി ലഭിച്ചത്. ഇതിനിടെ ഭൂമി ഏറ്റെടുക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടി ആറോളം സ്വകാര്യവ്യക്തികൾ കോടതിയെ സമീപിച്ചു. അലൈൻമെന്റ് മാറ്റണമെന്ന ആവശ്യം ഉയർന്നതോടെ പദ്ധതി വീണ്ടും നിന്നു. 2019 ഡിസംബറിൽ പുതുക്കിയ ഡി.പി.ആർ റെയിൽവേയ്ക്ക് സമർപ്പിച്ചു. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇടവ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നത്.
ഗതാഗതതടസം മാറും
റെയിൽവേ ഗേറ്റുകളിലെ ഗതാഗതതടസം ഇടവയിലെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. പഞ്ചായത്ത് പരിധിയിൽ മൂന്ന് റെയിൽവേ ഗേറ്റുകളുണ്ട്. ഇടവ ഗ്രാമപഞ്ചായത്തിന് മുന്നിലെ ഇടുങ്ങിയ റോഡും റെയിൽവേഗേറ്റും ജനങ്ങൾക്ക് എന്നും തലവേദനയായിരുന്നു.
പൊതുചർച്ച 24ന്
ജനതാമുക്ക് റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന് ഇടവ, വർക്കല വില്ലേജുകളിലെ ഭൂവുടമകളുമായുള്ള പൊതുചർച്ച നാളെ രാവിലെ 10.30ന് ഇടവ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാതപഠനം നടത്തുന്ന സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് എന്ന സ്ഥാപനമാണ് ചർച്ച സംഘടിപ്പിക്കുന്നത്. പഠന റിപ്പോർട്ടിന്റെ കരട് www.classtvpm.in എന്ന വെബ്സൈറ്റിലും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.