
കാട്ടാക്കട: കിള്ളി-പുതുവയ്ക്കൽ-കട്ടയ്ക്കോട് റോഡ് അപകടക്കുഴിയായി. വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയത് ശരിയാക്കാനായാണ് അടുത്തകാലത്ത് റോഡ് കുഴിച്ചത്. ഇതോടെയാണ് അപകടക്കെണിയാകാൻ തുടങ്ങിയത്.
അടുത്തിടെയാണ് ഈറോഡ് ആധുനിക നിലവാരത്തിൽ നിർമ്മിച്ചത്. റോഡിന്റെ പ്രവേശന ഭാഗത്ത് ചതുരാകൃതിയിലുള്ള കുഴി നിർമ്മിച്ചാണ് പൈപ്പ്ലൈൻ ശരിയാക്കിയത്. ഇതിനുശേഷം കുഴിയെടുത്ത ഭാഗത്ത് മണ്ണിട്ട് പോയി. ഇതോടെ ഇതുവഴി വാഹനങ്ങളിലെത്തിയവരും കാൽനടയാത്രികരുമെല്ലാം കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് പതിവായി. അപകടം തുടരെയായതോടെ കുഴിക്ക് ചുറ്റും നാട്ടുകാർ മുന്നറിയിപ്പ് സംവിധാനമൊരുക്കി.
കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. കോളേജും സ്കൂളുമൊക്കെ സ്ഥിതിചെയ്യുന്ന റോഡ് കുഴിച്ച ശേഷം പൂർവ്വ സ്ഥിതിയിലാക്കുന്നതിനോ അപകട മുന്നറിയിപ്പ് നൽകുന്നതിനോ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.