
ക്ഷോഭിക്കുന്നവരുടെ ശബ്ദമായിരുന്നു എക്കാലവും ബാലചന്ദ്രൻ വടക്കേടത്ത് . അദ്ദേഹം കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞു. ജീവിച്ചിരുന്ന കാലഘട്ടത്തിൽ എല്ലാത്തരം നെറികേടുകളുടെ നേർക്കും ഗർജ്ജിച്ച ആ കൃശഗാത്രൻ സുകുമാർ അഴീക്കോടിനെപ്പോലും വെല്ലുവിളിച്ച പണ്ഡിതശ്രേഷ്ഠൻ രാമചന്ദ്രൻ വടക്കേടത്തിന്റെ മകനാണ്. ആരോഗ്യവകുപ്പിൽ ജോലി നോക്കുമ്പോൾത്തന്നെ പൊള്ളുന്ന നിരീക്ഷണങ്ങളുമായി നിരൂപണ സാഹിത്യരംഗത്തേക്ക് കടന്നുവന്ന വടക്കേടത്ത് എഴുത്തുകാരൻ മാത്രമായി ഒതുങ്ങിയില്ല. തികഞ്ഞ ഒരു ആക്ടിവിസ്റ്റിന്റെ റോളായിരുന്നു ജീവിതത്തിലുടനീളം അദ്ദേഹത്തിന്. കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം, അക്കാഡമിയിൽ സംഭവിച്ച ചില പ്രശ്നങ്ങളുടെ പേരിൽ രാജിവച്ച് പുറത്തുപോയി ഒറ്റയ്ക്കു സത്യഗ്രഹമിരുന്നത് എല്ലാവരെയും അമ്പരപ്പിച്ചതാണ്!
കേന്ദ്ര സാഹിത്യ അക്കാഡമിയിലും സമസ്ത കേരള സാഹിത്യ പരിഷത്തിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങളുമായി അദ്ദേഹം മുന്നേറുന്നതിന് സാക്ഷിയാകാൻ നിരവധി സന്ദർഭങ്ങളിൽ ഇടയായിട്ടുണ്ട്. തനിക്കു ശരിയെന്നു തോന്നുന്ന ആശയങ്ങൾക്കുവേണ്ടി ഏതറ്റം വരെ പോകാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല; പദവിയോ പ്രത്യാഘാതമോ നോക്കാതെ ആരോടും കലഹിക്കാനും അദ്ദേഹം എപ്പോഴും തയ്യാറുമായിരുന്നു. കിട്ടുമായിരുന്ന പല ബഹുമതികളും നഷ്ടപ്പെടുന്നത് കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒന്നിലും സമരസപ്പെടാതെ പോരാട്ടങ്ങൾ തുടരാനാണ് വടക്കേടത്ത് മനസുവച്ചത്.
സംഘർഷങ്ങൾ ബാലചന്ദ്രൻ വടക്കേടത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു എന്നു പറയാം. അദ്ദേഹത്തിന്റെ കൃതികളിലും സംഘർഷത്തിന്റെയും എതിർപ്പിന്റെയും ഒത്തുതീർപ്പുകൾക്കെതിരായ നിലപാടുകളുടെയും ഒട്ടേറെ ഉദാഹരണങ്ങൾ കണ്ടെത്താനാവും. അമ്പതോളം വരുന്ന കൃതികളിൽ പലതിന്റെയും പേരുകൾ തന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു. വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, നോവൽ സന്ദർശനങ്ങൾ, മരണവും സൗന്ദര്യവും, വായനയുടെ ഉപനിഷത്ത്, ആനന്ദമീമാംസ, ഒരു ചോദ്യം; രണ്ടുത്തരം, അർത്ഥങ്ങളുടെ കലഹം തുടങ്ങിയവയാണ് വടക്കേടത്തിന്റെ മുഖ്യ കൃതികൾ.
സാഹിത്യ അക്കാഡമി പോലുള്ള സർക്കാർ സ്ഥാപനങ്ങൾ മിക്കവാറും തന്നെ പുറം തിരിഞ്ഞുനിൽക്കുമ്പോൾ നിരവധി ജനകീയ സംഘടനകൾ പുരസ്കാരങ്ങൾ നൽകി ആദരിച്ചുവെന്നതും അദ്ദേഹത്തിനു ലഭിച്ച ജനകീയാംഗീകാരമായി മനസിലാക്കാം. ഫാ. വടക്കൻ പുരസ്കാരം, വക്കം അബ്ദുൽ ഖാദർ സ്മാരക പുരസ്കാരം, കാര്യമണ്ഡലം, ഗുരുദർശന, ശ്രീശൈലം പുരസ്കാരം തുടങ്ങി നിരവധി ജനകീയ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിവന്നു. അവസാന നാളുകളിൽ അനാരോഗ്യം കലശലായിരുന്നപ്പോൾ അദ്ദേഹത്തെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സാംസ്കാരിക പരിപാടികളിൽ അനുഗമിച്ചിരുന്നത് ഭാര്യ സതിയാണ്. ഈ കുറിപ്പിൽ അവരെ പ്രത്യേകം ഓർക്കേണ്ടതുണ്ട്. മകൻ കൃഷ്ണചന്ദ്രൻ വിദേശത്ത് ജോലി നോക്കുന്നു. മരുമകൾ ഐശ്വര്യ.
(കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി മുൻ അംഗമായ ലേഖകൻ ഇപ്പോൾ സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗമാണ്. മൊബൈൽ: 94463 08600)