kseb

സംസ്ഥാനം വീണ്ടുമൊരു വൈദ്യുതി താരിഫ് പരിഷ്കരണത്തിന് ഒരുങ്ങുകയാണ്. വൈദ്യുതി നിരക്ക് എത്രതന്നെ വർദ്ധിപ്പിച്ചാലും കെ.എ

സ്.ഇ.ബിക്ക് കരകയറാൻ കഴിയുന്നില്ല എന്നതാണ് അദ്ഭുതം. രാജ്യത്തെ മറ്റ് വൈദ്യുതി വിതരണ സ്ഥാപനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുകയും,​ വർഷംതോറും റേറ്റിംഗ് വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ കേരളത്തിൽ മാത്രം വൈദ്യുതി ബോർഡ് നഷ്ടത്തിൽ ഉഴറുകയും,​ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി അടിക്കടി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് സാഹചര്യം.

ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന നിരക്കു വർദ്ധനയാണിത്. വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതും,​ ഗാർഹിക വൈദ്യുതി ഉപഭോഗത്തിലെ കുത്തനെയുള്ള വർദ്ധനവും മൂലം വൈദ്യുതി നിരക്കു വർദ്ധനയെ ഭീതിയോടെയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. അതേസമയം,​ വൻ സാമ്പത്തിക ബാദ്ധ്യയിൽ നട്ടംതിരിയുന്ന സംസ്ഥാന വൈദ്യുതി ബോർഡിന് ചെറിയ തോതിലെങ്കിലും നിരക്കു വർദ്ധന നടപ്പാക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നതാണ് വസ്തുത.

വൈദ്യുതി ഉപഭോഗത്തിന്റെ മൂന്നിൽ രണ്ടുഭാഗവും പുറമേ നിന്ന് കൊണ്ടുവരുന്ന കേരളം പോലുള്ള സംസ്ഥാനത്ത് ദേശീയതലത്തിൽ വൈദ്യുതി വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. അത് കണ്ടില്ലെന്നു നടിക്കാനാകില്ല. ഏറെ പരിശോധനകൾ നടത്തി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നാമമാത്രമായെങ്കിലും അനുമതി നൽകുന്ന താരിഫ് വർദ്ധനയിലൂടെയാണ് കെ.എസ്.ഇ.ബി ഇപ്പോൾ നിലനിൽക്കുന്നത്. താരിഫ് വർദ്ധനയുടെ വ്യാപ്തി കുറയ്ക്കാൻ വൈദ്യുതി ഉപഭോഗം കുറയ്ക്കാനാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്!

ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിട്ടല്ല ഇത്. മറിച്ച്,​ പുറമേ നിന്ന് അമിത വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതു കുറച്ച്,​ സാമ്പത്തികനഷ്ടം പരമാവധി ഒഴിവാക്കാനാണ്. വാസ്തവത്തിൽ,​ വൈദ്യുതി ഉത്പാദിപ്പിച്ചും പുറമേ നിന്ന് വാങ്ങിയും വ്യാപാരം നടത്തുന്ന കെ.എസ്.ഇ.ബിക്ക് വൈദ്യുതി ഉപഭോഗം കൂടുന്നത് വ്യാപാരം വർദ്ധിക്കാനും,​ അതുവഴി കൂടുതൽ ലാഭം നേടാനുമാണ് വഴിയൊരുക്കേണ്ടത്. എന്നാൽ കേരളത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. അതിനു കാരണം സാമൂഹ്യ പ്രതിബദ്ധതയ്ക്ക് അനുസൃതമായി പ്രവർത്തന കാര്യക്ഷമത പുലർത്താൻ ബോർഡിനു കഴിയാതിരിക്കുന്നതാണ്.

പ്രവർത്തന നഷ്ടം

തീരാതെ...

2023-24 സാമ്പത്തിക വർഷം ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം കെ.എസ്.ഇ.ബിയുടെ ബാദ്ധ്യത 35,053 കോടി രൂപയാണ്. 2023-24 ലെ പ്രവർത്തനനഷ്ടം 737.78 കോടി രൂപ. 2023-24 ലെ പലിശച്ചെലവ് മാത്രം തൊട്ടു മുൻ വർഷത്തെ 456.81 കോടിയിൽ നിന്ന് 1284.56 കോടിയിലേക്ക് കുതിച്ചുകയറിയത് സ്ഥാപനത്തിന്റെ സാമ്പത്തിക ക്ഷമതയുടെ സ്ഥിതിയുടെയും,​ കാര്യങ്ങൾ നീങ്ങുന്ന ദിശയുടെയും സൂചനയായി കാണാം. കഴിഞ്ഞ മുപ്പതു വർഷത്തെ കണക്കെടുത്താൽ കെ.എസ്.ഇ.ബി ലാഭത്തിലായത് അധികം രാഷ്ടീയ പിടിവാശികളില്ലാത്ത കെ. കൃഷ്ണൻകുട്ടി വൈദ്യുതി മന്ത്രിയും,​ താരതമ്യേന യുവാവായ ഐ.എ.എസ് ഓഫീസർ ഡോ. ബി. അശോക് ചെയർമാനും ആയിരുന്ന 2021-22 വർഷത്തിലാണ്. അന്ന് 736.27 കോടി രൂപയുടെ ലാഭം നേടാൻ ബോർഡിനു സാധിച്ചു.

അതിനു മുമ്പോ ശേഷമോ കെ.എസ്.ഇ.ബി ലാഭം കണ്ടിട്ടില്ല. രാഷ്ട്രീയ താത്പര്യങ്ങൾ കാരണം ഡോ. ബി. അശോകിനെ മാറ്റിയതോടെ ആ കുതിപ്പ് അവസാനിക്കുകയും ചെയ്തു. കാര്യക്ഷമതയുള്ളവർ വന്നാൽ ബോർഡിനെ ലാഭത്തിലെത്തിക്കാൻ കഴിയുമെന്നതിന് ഇതിലും വലിയ ഉദാഹരണം വേണോ?​ ഇരുപത് വർഷങ്ങൾക്കു മുമ്പ് 3000 മെഗാവാട്ടിൽ താഴെയായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇപ്പോഴത് 5700 മെഗാവാട്ടിലെത്തി. വൈദ്യുതി ഉത്പാദനത്തിൽ അതിന് അനുസൃതമായ വർദ്ധന ഉണ്ടായില്ല താനും! ജീവനക്കാരുടെ എണ്ണം കുറയുകയാണുണ്ടായത്.

ഈ കാലയളവിനിടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനയുണ്ടായി. അതായാത്,​ ആവശ്യമുള്ളതിലധികം ജീവനക്കാരെ ഉൾപ്പെടുത്തിയായിരുന്നു കെ.എസ്.ഇ.ബിയുടെ നടത്തിപ്പ്. സ്ഥാപനം നഷ്ടത്തിലായിരുന്നപ്പോഴും സർക്കാർ അനുമതി പോലുമില്ലാതെ മൂന്നു തവണ വമ്പൻ വേതന വർദ്ധന നടപ്പാക്കി. പെൻഷൻ ബാദ്ധ്യത തീർക്കാൻ രൂപീകരിച്ച മാസ്റ്റർ ട്രസ്റ്റ് പദ്ധതി കഴിഞ്ഞ പത്തു വർഷമായിട്ടും നടപ്പാക്കിയില്ല. ആവശ്യം കൂടുന്നതിന് അനുസരിച്ച് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ മുൻകൂർ കരാറുകൾ പോലുമുണ്ടാക്കിയില്ല. നഷ്ടം കുറയ്ക്കാനുള്ള കേന്ദ്ര പദ്ധതികൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ല. ബോർ‌ഡ് നഷ്ടത്തിലേക്ക് മുതലക്കൂപ്പു കുത്തിയതിനു കാരണങ്ങൾ ഇങ്ങനെ പലതാണ്.

കേന്ദ്ര സഹായങ്ങൾ

പ്രയോജനപ്പെട്ടില്ല

കെ.എസ്.ഇ.ബി.യെ കൈപിടിച്ചുയർത്താൻ മൂന്നു തവണ കേന്ദ്രസർക്കാർ പദ്ധതി ആവിഷ്കരിച്ചു. പക്ഷേ,​ അത് പൂർണമായും സംസ്ഥാനത്ത് പ്രയോജനപ്പെടുത്താനായില്ല. വിതരണ, പ്രസരണ സംവിധാനം മെച്ചപ്പെടുത്താൻ ട്രാൻസ്ഗ്രിഡ് പദ്ധതി, സഞ്ചിത സാമ്പത്തിക നഷ്ടം ഇല്ലാതാക്കാൻ ഉദയ് പദ്ധതി, വിതരണ സംവിധാനം മെച്ചപ്പെടുത്താനും പ്രസരണനഷ്ടം കുറയ്ക്കാനും സ്മാർട്ട് മീറ്റർ പദ്ധതി തുടങ്ങിയവ 2017 മുതലുണ്ടെങ്കിലും കേരളം അത് ഉപയോഗപ്രദമാക്കിയില്ല.11,​000 കോടിയുടെ കേന്ദ്രസഹായത്തോടെയുള്ള പദ്ധതിയാണ് നവീകരിച്ച വിതരണ മേഖലാ പദ്ധതി അഥവാ ആർ.ഡി.എസ്.എസ്. ഇത് സംസ്ഥാനത്ത്നടപ്പാക്കാൻ തീരുമാനിച്ചുവെങ്കിലും ഇനിയും

പൂർണമായും പ്രയോജനപ്പെടുത്തിയിട്ടില്ല.

സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനികളുടെ മൊത്തത്തിലുള്ള പ്രകടനവും സാമ്പത്തിക ആരോഗ്യവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സഹായത്തോടെയുള്ള ഉദയ് പദ്ധതി രൂപകല്പന ചെയ്തത്. നാളിതുവരെയുള്ള പ്രവർത്തന നഷ്ടം പൂർണമായും ഇല്ലാതാക്കാൻ കേന്ദ്ര സഹായവും നടപ്പു വർഷത്തെ പ്രവർത്തന നഷ്ടം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി പക്ഷെ സംസ്ഥാനം പ്രയോജനപ്പെടുത്തിയില്ല. വിതരണ രംഗത്ത് കാലാനുസൃതമായ നവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ 10,​475 കോടിയുടെ സ്മാർട്ട് മീറ്റർ പദ്ധതി കൊണ്ടുവന്നത്. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ പദ്ധതി നടപ്പാക്കാൻ കേരളം മടിച്ചുനിന്നു.

ഇഴഞ്ഞുനീങ്ങുന്ന

ജല പദ്ധതികൾ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുമ്പോഴും ആഭ്യന്തര ഉത്പാദനത്തിൽ അതിന് അനുസരിച്ചുള്ള വർദ്ധനയുണ്ടാകാത്തതാണ് പ്രശ്നം. അതോടെ,​ ആവശ്യം കൂടുന്നതിന് അനുസരിച്ച് പുറമെ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ്. അതേസമയം പദ്ധതിയിട്ടതും പാതിവഴിയിലായതുമായ നിരവധി

ജല വൈദ്യുതി പദ്ധതികൾ പൂർത്തിയാകാതെ വർഷങ്ങളായി ഇഴയുന്നതാണ് കാഴ്ച. 4500 മെഗാവാട്ടിലേറെ ശേഷിയുള്ള പദ്ധതികൾ പൂർത്തിയാക്കാതെ കിടപ്പുണ്ട്. അനുമതി ലഭിച്ചവയും വഴിയിൽ മുടങ്ങിയവയും ഇതിൽ ഉൾപ്പെടും.

സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 41 ശതമാനവും സ്വകാര്യ നിലയങ്ങളിൽ നിന്ന് വാങ്ങുന്നതാണ്. കൂടുതൽ വാങ്ങാൻ വർഷാവർഷം റഗുലേറ്ററി കമ്മിഷന്റെ അനുമതി നേടിയെടുക്കും. 8823 കോടി രൂപയാണ് സ്വകാര്യ വൈദ്യുതിക്ക് പ്രതിവർഷം ചെലവ്. 800 മെഗാവാട്ടിന്റെ ഇടുക്കി രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി കിട്ടിയത് ഒരു വർഷം മുമ്പാണ്. പക്ഷേ,​ തുടർ നടപടിയില്ല. 300 മെഗാവാട്ടിന്റെ മൂഴിയാർ പദ്ധതിക്ക് സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയിട്ടും അനക്കമില്ല!

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വിദഗ്ദ്ധ സമിതി നിർദ്ദേശിച്ച 3000 മെഗാവാട്ടിന്റെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിക്കും സർക്കാർ അനുമതി നൽകി. വൈദ്യുതി ഉത്പാദന ശേഷം ഇപ്പോൾ ഒഴുക്കിക്കളയുന്ന ജലം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്നതാണ് പമ്പ്ഡ് സ്റ്റോറേജ്. പമ്പ്ഡ് സ്റ്റോറേജിലൂടെ ഇടുക്കിയിൽ 700 മെഗാവാട്ട്, പള്ളിവാസലിൽ 600,​ മുതിരപ്പുഴയിൽ 100, പലകപ്പാണ്ടിയിൽ 150,​ സീതാർകുണ്ടിൽ 400,​ ചാലിയാറിൽ 360,​ അമൃതപമ്പയിൽ 300, മറയൂരിൽ 160,​ ഇടമലയാറിൽ 180 മെഗാവാട്ട് തുടങ്ങി നിരവധി ജല വൈദ്യുതി പദ്ധതികളാണ് ഒന്നു മനസുവച്ചാൽ ഉടൻ പൂർത്തിയാക്കാനാകുമെങ്കിലും,​ നീണ്ടുപോകുന്നത്.

ജല വൈദ്യുതി പദ്ധതികളോടുള്ളതു പോലുള്ള തണുത്ത സമീപനമാണ് പുതിയ വൈദ്യുതി സ്രോതസായ സോളാറിനോടും വൈദ്യുതി ബോർഡ് പുലർത്തുന്നതെന്ന് ആക്ഷേപമുണ്ട്. താരിഫ് വർദ്ധന മാത്രം പ്രശ്നപരിഹാരമായി കാണാതെ,​ യാഥാർത്ഥ്യബോധം ഉൾക്കൊണ്ട് കാര്യക്ഷമതയോടെയുള്ള സമീപനമാണ് കെ.എസ്.ഇ.ബിയിൽ നിന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്.