
കല്ലമ്പലം: വീണ്ടും പുരസ്കാരം കിട്ടിയതിന്റെ സന്തോഷത്തിലാണ്' വെളിച്ചത്തിലേക്ക് ' ഷോർട്ട് ഫിലിം അണിയറപ്രവർത്തകർ. പതിമ്മൂന്നാമത് മീഡിയ സിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ക്യാമ്പസ് ഷോർട്ട് ഫിലിം വിഭാഗത്തിൽ മൂന്ന് അവാർഡാണ് ഈ ഷോർട്ട് ഫിലിം കരസ്ഥമാക്കിയത്. മികച്ച ക്യാമ്പസ് ഷോർട്ട് ഫിലിം പുരസ്കാരം നാവായിക്കുളം ജി.എച്ച്.എസ്.എസ് സ്കൂളിനും, മികച്ച നടിക്കുള്ള പുരസ്കാരം വിദ്യാർത്ഥി അർച്ചന ഉണ്ണിയ്ക്കും, മികച്ച സഹനടനുള്ള പുരസ്കാരം അദ്ധ്യാപകൻ സുൽജിത്ത് എസ്.ജിക്കും ലഭിച്ചു.
മീഡിയാസിറ്റി സംഘടിപ്പിച്ച എ.ടി.ഉമ്മർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, മികച്ച ക്യാമറാമാൻ അവാർഡുകൾ നേടി. തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി. ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. മുൻ സ്പീക്കർ വിജയകുമാർ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ സംസാരിച്ചു. മുൻപ് വി.ഐ.എഫ്.എഫ്.കെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലനടിക്കുള്ള അവാർഡ് 'വെളിച്ചത്തിലേക്ക് ' നേടിയിരുന്നു.