
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ തുടരുന്ന സംഘർഷത്തിന് അയവു വരുന്നത് നയതന്ത്ര തലത്തിൽ നേടിയ ഒരു വലിയ വിജയമായി വേണം വിലയിരുത്താൻ. കിഴക്കൻ ലഡാക്കിന്റെ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് ഇരുവശവും നിലയുറപ്പിച്ചിരിക്കുന്ന സേനകളെ പിൻവലിക്കാനും പട്രോളിംഗ് പുനഃസ്ഥാപിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതോടെ നാലുവർഷമായി തുടരുന്ന സംഘർഷാവസ്ഥയാണ് അയയുന്നത്. 2020 ഏപ്രിൽ മുതൽ പട്രോളിംഗ് മുടങ്ങിയിരിക്കുകയായിരുന്നു. മാത്രമല്ല, യുദ്ധസമാനമായ അന്തരീക്ഷമാണ് അതിർത്തിയിൽ നിലനിന്നിരുന്നതും. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു വരിക്കേണ്ടിവന്നു. ചൈനീസ് പക്ഷത്തെ ആൾനാശം ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പാശ്ചാത്യ മാദ്ധ്യമങ്ങളാണ് നാൽപ്പതോളം ചൈനീസ് ഭടന്മാർ ഗാൽവാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം 'അടിച്ചാൽ തിരിച്ചടിക്കും" എന്ന ശക്തമായ സന്ദേശം നൽകുന്നതിന്റെ ഭാഗമായി ഇന്ത്യ സായുധ വിന്യാസം വർദ്ധിപ്പിച്ചിരുന്നു.
കണ്ണുരുട്ടിയാൽ ഭയക്കുന്ന പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യയെന്ന് ചൈനയ്ക്കും ബോദ്ധ്യപ്പെടുന്ന നടപടികളാണ് പ്രതിരോധ, നയതന്ത്ര മേഖലകളിൽ തുടർന്ന് ഇന്ത്യ സ്വീകരിച്ചത്. ഭായി എന്ന് വിളിച്ചു തീരുന്നതിനു മുമ്പേ ശത്രുവിന്റെ സ്വഭാവം കാണിക്കുന്ന രീതി ചൈനയ്ക്ക് സ്വന്തമാണ്. അതിനാൽ കരുതലോടെ തന്നെ ഇന്ത്യയും നീങ്ങേണ്ട സന്ദർഭമാണിത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിച്ചത് ആ രാജ്യവുമായുള്ള പൂർണമായി വിച്ഛേദിക്കപ്പെട്ട ബന്ധങ്ങൾ വീണ്ടും തളിർക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണമായും കരുതാം. പാകിസ്ഥാനുമായുള്ള ബന്ധങ്ങളിൽ അയവു വരുന്നത് ഏതാണ്ട് പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ്. ഇതും ചൈനയെ സ്വാധീനിച്ചിരിക്കാം. ശത്രുതയിൽ കഴിഞ്ഞാലും ഇന്ത്യയുടെ സ്ഥാനം ലോക രാജ്യങ്ങൾക്കിടയിൽ താഴേക്കു പോകുന്നില്ലെന്നു മാത്രമല്ല, ഉയരുകയാണ് ചെയ്തത്.
ഒരേസമയം അമേരിക്കയുമായും റഷ്യയുമായും നല്ല ബന്ധത്തിൽ മുന്നോട്ടു പോകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതാവും ചൈനയെ ഒരുപക്ഷേ ഒരു ചുവട് പിറകോട്ടു വയ്ക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. പാകിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ സംഘർഷങ്ങളിൽ അയവ് വന്നതിനു പിന്നിൽ റഷ്യയ്ക്കും നിർണായക പങ്കുണ്ടെന്ന് വിദഗ്ദ്ധർ നിരീക്ഷിക്കുന്നു. റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് (ബ്രസീൽ - റഷ്യ - ഇന്ത്യ - ചൈന - ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് കിഴക്കൻ ലഡാക്കിൽ സേനാ പിന്മാറ്റത്തിന് ധാരണയായത്. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്താനുള്ള സാദ്ധ്യത കൂടുതലാണ്. ആഴ്ചകളായി തുടർന്ന നയതന്ത്ര- സൈനികതല ചർച്ചകളുടെ ഫലമായാണ് സംഘർഷത്തിന്റെ മൂർച്ഛ കുറയ്ക്കാനും സമാധാനപരമായ പട്രോളിംഗ് പുനരാരംഭിക്കാനുമുള്ള തീരുമാനത്തിലെത്തിയത്.
'2020-നു ശേഷം വിവിധ കാരണങ്ങളാൽ അവർ ഞങ്ങളെ തടഞ്ഞു. ഞങ്ങൾ അവരെയും തടഞ്ഞു. ക്ഷമയും സ്ഥിരോത്സാഹവുമുള്ള നയതന്ത്രജ്ഞതയാണ് ഇപ്പോൾ ഫലം കണ്ടത്"- വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ഈ വാക്കുകൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതും ഉഭയകക്ഷി ബന്ധം ശക്തിപ്പെടാൻ വഴിയൊരുക്കുന്നതുമാണ്. ഏതു തരത്തിലുള്ള ശത്രുതയും രാജ്യങ്ങളുടെ വികസനവും പുരോഗതിയും ബിസിനസ് സാദ്ധ്യതകളും തടസപ്പെടുത്താനേ ഉതകൂ. സാമ്പത്തികമായ പല പ്രതിസന്ധികളിലൂടെയുമാണ് ചൈന ഇപ്പോൾ കടന്നുപോകുന്നത്. എന്നാൽ ഇന്ത്യയാകട്ടെ, വളർച്ചയുടെ പുതിയ മേഖലകൾ തുറക്കുകയും ചെയ്യുന്നു. ബ്രിക്‌സ് ഉച്ചകോടിക്കു ശേഷം ഏഷ്യൻ മേഖലയിലെ ലോക ക്രമത്തിൽ വലിയ മാറ്റങ്ങൾ തന്നെ പ്രതീക്ഷിക്കാം.