jm

തിരുവനന്തപുരം : നിയമസഭാ ഉപതിരഞ്ഞെടുപ്പൽ അനായാസ ജയം പ്രതീക്ഷിച്ച്

ഗോദയിലിറങ്ങിയ യു.ഡി.എഫ് നിലവിലെ സങ്കീർണ്ണ സാഹചര്യങ്ങളിൽ നേരിടുന്നത് കടുത്ത രാഷ്ട്രീയപ്പോര്. സ്ഥാനാർത്ഥി നിർണ്ണയത്തെ തുടർന്നുണ്ടായ കല്ലുകടിയും പി.വി. അൻവറിന്റെ സ്ഥാനാർത്ഥികളുമാണ് പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളെ സങ്കീർണ്ണമാക്കുന്നത്.

സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിലുണ്ടായ പടലപ്പിണക്കങ്ങൾ പരമാവധി മുതലാക്കുന്നതിന്, കോൺഗ്രസ് വിട്ട ഡോ.പി.സരിന് പാലക്കാട്ട് സി.പി.എം നൽകിയ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കമായിരുന്നു. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെ അനുകൂലമാക്കുകയെന്ന എൽ.ഡി.എഫിന്റെ അടവ് നയം കോൺഗ്രസിനെ ഉലച്ചിട്ടുണ്ട്. അൻവറിന്റെ രാഷ്ട്രീയ കൂട്ടായ്മയായ ഡി.എം.കെ രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിറുത്തിയതോടെ പാർട്ടിക്ക് അനുകൂലമായി ലഭിക്കേണ്ട ന്യൂനപക്ഷവോട്ടുകൾ ഭിന്നിക്കുമോയെന്ന ആശങ്കയുമുണ്ട്.

പാലക്കാട്ട് അൻവറിന്റെ സ്ഥാനർത്ഥിയായ മിൻഹാജിന് പുറമേ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാനിബ് കൂടി വിമത സ്ഥാനാർത്ഥിയാകുന്നത് പ്രചാരണരംഗത്ത് യു.ഡി.എഫിന് വെല്ലുവിളിയുയർത്തും. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ കോൺഗ്രസിലെ പടലപ്പിണക്കം അടിത്തറയാക്കി സി.പി.എം തൊടുക്കുന്ന രാഷ്ട്രീയ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് തുടർ വിമതനീക്കങ്ങൾ.

ചേലക്കരയിൽ മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയും എൻ.കെ. സുധീർ അൻവറിനു വേണ്ടി രംഗത്തിറങ്ങിയതും ബാധിക്കുന്നത് യു.ഡി.എഫിനെയാവും. അതേസമയം, പാലക്കാട് സി.പി.എമ്മിലെ സംഘടനാപ്രശ്‌നങ്ങളും സരിന്റെ സ്ഥാനാർത്ഥിത്വത്തിലെ സി.പി.എം പ്രവർത്തകരുടെ അതൃപ്തിയും ബി.ജെ.പിയിലെ ചേരിപ്പോരും രണ്ട് മണ്ഡലങ്ങളിലും തങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് യു.ഡി.എഫ് നേതാക്കൾ കരുതുന്നത്.