
തിരുവനന്തപുരം: ശബരിമല മണ്ഡലകാല ദർശനം മുൻവർഷത്തെ രീതിയിൽ തന്നെയായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കുറി ഒറ്റഭക്തനും ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സ്ഥിതിയുണ്ടാകില്ല. അതേസമയം, വെർച്വൽ ക്യൂ എൺപതിനായിരവും ബുക്കു ചെയ്യാതെ എത്തുന്ന ബാക്കിയുള്ളവർക്ക് സ്പോട്ട് ബുക്കിംഗും ഏർപ്പെടുത്തുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞില്ല.
നവംബർ അഞ്ചിനും പത്തിനുമിടയിൽ തീർത്ഥാടനത്തിനുവേണ്ട ക്രമീകരണങ്ങൾ പൂർത്തിയാകും. തുലാമാസ പൂജകൾക്ക് പ്രതീക്ഷിച്ചതിലും ഏറെപ്പേർ വന്നു. കഴിഞ്ഞവർഷം ബുക്കു ചെയ്ത നാൽപ്പതിനായിരം പേർ വന്നില്ല. ഇത്തവണ ഓരോദിവസവും അറുപതിനായിരം പേർ വീതം വന്നു. ഉദയാസ്തമയ പൂജയും പടിപൂജയുമൊക്കെ വർഷങ്ങൾക്ക് മുൻപേ ബുക്ക് ചെയ്തിരിക്കുന്നതാണ്. അതൊഴിവാക്കാൻ കഴിയില്ല.
ചെറിയ പ്രശ്നങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാട്ടുന്നത് നിർഭാഗ്യകരമാണ്. ശബരിമലയുടെ വരുമാനം കുറഞ്ഞാൽ 1500 ക്ഷേത്രങ്ങളെയും ജീവനക്കാരും പെൻഷൻകാരുമായി ബോർഡിനെ ആശ്രയിച്ച് കഴിയുന്ന പതിനായിരം കുടുംബങ്ങളെയും ബാധിക്കും.
വൈദ്യുതി നിലച്ചത്
ഇടിമിന്നൽ കാരണം
ഞായറാഴ്ച ശബരിമലയിലേക്കുള്ള പാതയിൽ വൈദ്യുതി നിലച്ചത് ഇടിമിന്നലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണെന്ന് പി.എസ്.പ്രശാന്ത്. ഈ സമയത്ത് ബോർഡിന്റേയും കെ.എസ്.ഇ.ബിയുടേയും വൈദ്യുതി വിതരണ സംവിധാനം ഒരുമിച്ച് നിലയ്ക്കുകയായിരുന്നു. പ്രശ്നം 35 മിനിട്ടുകൊണ്ട് പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരു. ദേവസ്വം ബോർഡ്
പ്ലാറ്റിനം ജൂബിലി ആഘോഷം
ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 75ാം വാർഷികവും ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നന്തൻകോട്ടെ ബോർഡ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും സൗജന്യ ഡയാലിസിസ് സെന്ററുകളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ബോർഡും ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരുകോടി രൂപയുടെ ചെക്ക് ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി മൂന്ന് സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളാണ് ബോർഡ് ആരംഭിക്കുന്നത്. സായിഗ്രാം ട്രസ്റ്റുമായി സഹകരിച്ച് തിരുവനന്തപുരം, കൊട്ടാരക്കര, ഹരിപ്പാട് എന്നിവിടങ്ങളിലാണിത്. ഈ കേന്ദ്രങ്ങളിൽ പ്രതിദിനം 10 പേർക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാക്കും. ഇ-കാണിക്ക, വഴിപാട് തുക എന്നിവ പി.ഒ.എസ് മെഷീൻ, യു.പി.ഐ സംവിധാനം എന്നിവയിലൂടെ സ്വീകരിക്കൽ, പ്രൈസ് സോഫ്റ്റ് വെയർ, ജി-സ്പാർക്ക്, ഇ-ടെൻഡർ, ഇ-ഓഫീസ്, ക്ഷേത്രഭൂമിയുടെ സമ്പൂർണ വിവരങ്ങൾ അടങ്ങിയ ടെമ്പിൾ ഡാറ്റാബേസ് എന്നിവയാണ് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടപ്പാക്കുന്നത്.