
തിരുവനന്തപുരം: എം.എൽ.എ പദ്ധതികളുമായി ബന്ധപ്പെട്ട 133കോടിയുടെ ബില്ലുകൾ മാറാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുമതി നൽകി. സാമ്പത്തിക ഞെരുക്കം മൂലം ട്രഷറികളിൽ അഞ്ചുലക്ഷത്തിന് മേലുള്ള ബില്ലുകൾ മാറാൻ നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് എം.എൽ.എ ആസ്തിവികസന ഫണ്ടുമായി ബന്ധപ്പെട്ട പൂർത്തിയായ പ്രവർത്തികളുടെ 98കോടിയുടെ ബില്ലുകളിലും എം.എൽ.എ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള 35കോടിയുടെ ബില്ലുകളും മാറാൻ ഇന്നലെ അനുമതി നൽകിയത്.
അപ്പോളോ ജുവലറിയുടെ 79.83
ലക്ഷത്തിന്റെ സ്വത്ത് മരവിപ്പിച്ചു
കൊച്ചി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ അപ്പോളോ ജുവലറി, സമാന ഗ്രൂപ്പ് എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 79.83 ലക്ഷം രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലും ഓഫീസുകളിലുമാണ് കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘം റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത 52.34 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകളും 27.49 ലക്ഷത്തിന്റെ കറൻസിയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കണ്ടുകെട്ടും.
മൂസ ഹാജി ചാരപ്പറമ്പിൽ, ബഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള അപ്പോളോ ഗോൾഡ് നിക്ഷേപപദ്ധതി വഴി 82.90 കോടി തട്ടിയെടുത്തെന്നാണ് കേസ്. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ തുടർച്ചയായാണ് ഇ.ഡി അന്വേഷണം. 2020 ലായിരുന്നു തട്ടിപ്പ്.