ddd

ചെന്നൈ: സനാതന ധർമ്മ വിവാദത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. താൻ കലൈഞ്ജറുടെ പേരക്കുട്ടിയാണെന്നും മാപ്പു പറയില്ലെന്നും ഉദയനിധി പറഞ്ഞു. ഇതു സംബന്ധിച്ച കേസുകളെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി. വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും ദ്രാവിഡ നേതാവായ പെരിയാറിന്റെയും മുൻ മുഖ്യമന്ത്രിമാരായ സി.എൻ.അണ്ണാദുരൈയുടെയും എം.കരുണാനിധിയുടെയും കാഴ്ചപ്പാടുകളാണ് ആവർത്തിച്ചതെന്നും തിങ്കളാഴ്ച നടന്ന പൊതുപരിപാടിയിൽ ഉദയനിധി പറഞ്ഞു. 'സ്ത്രീകളെ അടിച്ചമർത്തുന്നതിനെയും അവർക്ക് പഠിക്കാനും വീടിനു പുറത്തിറങ്ങാനും അനുമതിയില്ലാതിരുന്നതിനെയും ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടേണ്ടിയിരുന്നതിനെയും കുറിച്ചാണ് പറഞ്ഞത്. പെരിയാറും ഇതിനെയെല്ലാം എതിർത്തിരുന്നു. പെരിയാറും അണ്ണായും കലൈജ്ഞറും പറഞ്ഞത് ആവർത്തിക്കുയാണ് ചെയ്തത്. എന്നാൽ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയിലെ വിവിധ കോടതികളിൽ എനിക്കെതിരെ കേസുണ്ട്. ഞാൻ മാപ്പു പറയണമെന്നാണ് അവർ പറയുന്നത്. എന്നാൽ എന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. മാപ്പു പറയില്ല"- ഉദയനിധി പറഞ്ഞു. സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നതായും ദൂരദർശനിൽ സംപ്രേഷണം ചെയ്ത സംസ്ഥാന ഗീതം 'തമിഴ് തായ് വാഴ്ത്തി'ൽനിന്ന് ഏതാനും വാക്കുകൾ ഒഴിവാക്കിയത് അതിന്റെ ഭാഗമായാണെന്നും ഉദയനിധി ആരോപിച്ചു.

കഴിഞ്ഞ വർഷം ചെന്നൈയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെ ഉദയനിധി സനാതന ധർമ്മത്തെ ഉദയനിധി ഡെങ്കുവിനോടും മലേറിയയോടും ഉപമിച്ചതാണ് വിവാദമായത്. പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഹിന്ദു സംഘടനകളും ഉദയനിധിക്കെതിരെ നിരന്തരമായ പ്രതിഷേധമുയർത്തി. നിരുപരാധികം മാപ്പ് പറയണമെന്നായിരുന്നു ആവശ്യം.