വർക്കല: പൊലീസ് സ്റ്റേഷന് സമീപം കടത്തിണ്ണയിൽ പെയിന്റിംഗ് തൊഴിലാളിയായ ബിജുവിനെ രക്തം വാർന്നൊലിച്ച് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന 6 പേരെ വർക്കല പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മരിക്കുന്നതിന് മുന്നേയുള്ള ദിവസങ്ങളിൽ ബിജുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് വർക്കല ഡി.വൈ.എസ്.പി ഓഫീസിന് സമീപത്തെ കടത്തിണ്ണയിൽ മരിച്ച നിലയിൽ നാട്ടുകാർ ബിജുവിന്റെ മൃതദേഹം കാണുന്നത്. കൊലപാതക സാദ്ധ്യത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബിജുവിന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മാർട്ടം റിപ്പോർട്ടുൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ലഭിക്കേണ്ടതുണ്ട്. നെറ്റിക്ക് മുകളിലായി ആഴത്തിലേറ്റ മുറിവിൽ നിന്നും അമിതമായി രക്തം വാർന്നതാണ് മരണകാരണമായി പൊലീസ് പറയുന്നത്. വീണ് പരിക്കേൽക്കാനുള്ള സാദ്ധ്യതയും പൊലീസ് തള്ളുന്നില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പരിസരത്തുമായി ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു.