തിരുവനന്തപുരം: രാജാരവിവർമ്മയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ അപൂർവ്വമായ കലാസൃഷ്ടികളും കണ്ടു മനസിലാക്കാൻ 'ആമുഖ ഗ്യാലറി"കലാസ്വാദകർക്കായി തുറന്നു. മൃഗശാല വളപ്പിൽ ശ്രീചിത്ര ആർട്ട് ഗ്യാലറിയോടു ചേർന്നാണ് ആധുനിക നിലവാരത്തിൽ ഗ്യാലറി സജ്ജീകരിച്ചിരിക്കുന്നത്. രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്ന രാജാരവിവർമ്മയെ അടുത്തറിയാൻ കേരള മ്യൂസിയം പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ് ഗ്യാലറി. ഗ്യാലറിയുടെ പ്രവേശനകവാടം കടന്നാൽ രാജാരവിവർമ്മയുടെ അർദ്ധകായ പ്രതിമ സന്ദർശകരെ വരവേൽക്കുന്നു. ചുമരുകളിൽ രാജാരവിവർമ്മയുടെ ജീവിതം ചിത്രങ്ങളായും രേഖകളായും പ്രദർശിപ്പിച്ചിട്ടുണ്ട്. 1873ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളെ പിന്തള്ളി സുവർണമുദ്ര ലഭിച്ച രവിവർമ്മയുടെ 'മുല്ലപ്പൂ ചൂടിയ മലയാളി വനിത"എന്ന ചിത്രമടക്കം ഇവിടെയുണ്ട്. വിദേശരാജ്യങ്ങളിലുൾപ്പെടെ വിവിധ ആർട്ട് ഗ്യാലറികളിൽ പ്രദർശിപ്പിച്ചിട്ടുള്ള രവിവർമ്മ ചിത്രങ്ങളുടെ അതേ നിലവാരത്തിലുള്ള പകർപ്പുകളും ഇവിടെ സന്ദർശകർക്ക് ആസ്വദിക്കാം. മൈസൂർ ജയചാമരാജേന്ദ്ര ആർട്ട് ഗ്യാലറിയിലുള്ള ഹംസദൂത്,ഹൈദരാബാദ് സാലർജംഗ് മ്യൂസിയത്തിലുള്ള പിണക്കം,ചെന്നൈ ഗവ.മ്യൂസിയത്തിലുള്ള ദുരന്തം ആസന്നമായിരിക്കുന്ന ശകുന്തള,ബംഗളൂരു ഗണേഷ് ശിവസ്വാമി ഫൗണ്ടേഷനിലുള്ള മണ്ഡോദരി,കൊൽക്കത്ത ബിർള അക്കാഡമിയിലുള്ള ശകുന്തളയും മേനകയും... തുടങ്ങി നിരവധി ചിത്രങ്ങൾ ഇവിടെ കാണാം. ചിത്രകലയെക്കുറിച്ച് അറിവ് നൽകുന്ന ബൃഹത്തായ ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി പൂർത്തീകരിച്ചത്.