
തിരുവനന്തപുരം: നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി സാങ്കേതിക സർവകലാശാലാ വി.സി സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയ ഡോ.എം.എസ്. രാജശ്രീയെ ഡിജിറ്റൽ സർവകലാശാലാ വി.സിയുടെ താത്കാലിക ചുമതലയിൽ നിയമിക്കാൻ ഗവർണർക്ക് സർക്കാരിന്റെ ശുപാർശ. 24ന് ഡിജിറ്റൽ വാഴ്സിറ്റി വി.സി ഡോ.സജി ഗോപിനാഥിന്റെ കാലാവധി പൂർത്തിയാവുമ്പോൾ ചുമതല കൈമാറാനുള്ള പാനലിലാണ് ഒന്നാമതായി രാജശ്രീയെ ഉൾപ്പെടുത്തിയത്.
നേരത്തേ രാജശ്രീയെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയിൽ നിയമിച്ചിരുന്നു. വിരമിച്ച ശേഷമാണ് വി.സിയാക്കാനുള്ള നീക്കം. ഡിജിറ്റലിൽ 61വയസാണ് വി.സിയുടെ പ്രായപരിധി. ഡിജിറ്റൽ വാഴ്സിറ്റിയിലെ രജിസ്ട്രാർ ഡോ.എ.മുജീബ്, കുസാറ്റ് മുൻ വി.സി ഡോ.കെ.എൻ. മധുസൂദനൻ എന്നിവരും സർക്കാരിന്റെ പാനലിലുണ്ട്.
ഡിജിറ്റൽ വാഴ്സിറ്റിയിൽ കാലാവധി തീരുന്ന സജിഗോപിനാഥിനെ സാങ്കേതിക വി.സിയുടെ താത്കാലിക ചുമതലയിൽ നിയമിക്കണമെന്നും സർക്കാർ ശുപാർശ നൽകിയിട്ടുണ്ട്. സാങ്കേതിക വാഴ്സിറ്റിയുടെ താത്കാലിക ചുമതല ഇപ്പോൾ സജിക്കാണ്. ഡിജിറ്റൽ വാഴ്സിറ്റിയിൽ സെർച്ച് കമ്മിറ്റി ഒഴിവാക്കിയുള്ള നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി സജിയെ പുറത്താക്കാൻ ഗവർണർ നോട്ടീസ് നൽകിയിരുന്നതാണ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി. ആർ.ഷാലിജ്, ഗവ. എൻജിനിയറിംഗ് കോളേജ് പ്രൊഫസർ ഡോ.വിനോദ് കുമാർ ജേക്കബ് എന്നിവരും സർക്കാരിന്റെ പാനലിലുണ്ട്.
ആരോഗ്യ വാഴ്സിറ്റി
വി.സിയും ഒഴിയുന്നു
ആരോഗ്യ സർവകലാശാലാ വി.സി ഡോ.മോഹനൻ കുന്നുമ്മേലിന്റെ കാലാവധി 26ന് കഴിയും. കേരള വാഴ്സിറ്റിയുടെ ചുമതലയും അദ്ദേഹത്തിനാണ്. രണ്ടിടത്തും താത്കാലിക ചുമതല നൽകാൻ സർക്കാർ ശുപാർശ നൽകിയിട്ടില്ല. ഓപ്പൺ വാഴ്സിറ്റി വി.സി വിരമിച്ച ശേഷവും തുടരാൻ അനുവദിച്ചതു പോലെ മോഹനൻ കുന്നുമ്മേലിനും ഇളവ് നൽകാനിടയുണ്ട്.