തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ നാലുവരി കവിത കൗമുദി വാരികയുടെ എഡിറ്റോറിയലായി മാറിയ സംഭവം അനുസ്മരിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ. വയലാർ രാമവർമ്മ സാംസ്കാരികോത്സവത്തിലെ രണ്ടാംദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.ബാലകൃഷ്ണൻ പത്രാധിപരായിരുന്ന 1962ലാണ് സംഭവം. നടൻ പി.കെ.വിക്രമൻ നായരുടെ വേർപാടിൽ അന്തിമോപചാരം അർപ്പിക്കാൻ കെ.ബാലകൃഷ്ണന്റെ കൗമുദി അങ്കണത്തിൽ ഒത്തുചേർന്നിരുന്നു. കൗമുദി വാരിക പുറത്തിറങ്ങേണ്ട ദിവസമായിരുന്നു അന്ന്. എഡിറ്റോറിയൽ എഴുതേണ്ടിയിരുന്ന കെ.ബാലകൃഷ്ണൻ, വിക്രമൻ നായരുടെ വിയോഗത്തിൽ അതീവ ദുഃഖിതനായതിനാൽ ഒരു വരിപോലും എഴുതാനായില്ല. തുടർന്ന് വിക്രമൻ നായരുടെ വേർപാടിനെ കുറിച്ച് ഒരു കവിതയെഴുതാൻ ഒരു ചെറുപ്പക്കാരനോട് അദ്ദേഹം നിർദ്ദേശിച്ചു. അത് വയലാർ രാമവർമ്മയായിരുന്നു.
ആ കവിത അദ്ദേഹം സദസ്സിൽ വായിച്ചു.
'കയ്യിലൊരിന്ദ്രധനുസുമായ് കാറ്റത്തു
പെയ്യുവാൻ നിന്ന തുലാവർഷമേഘമേ
കമ്രനക്ഷത്ര രജനിയിലിന്നലെ
കണ്ടുവോ നീയെന്റെ രാജഹംസത്തിനെ"
അന്ന് വയലാർ എഴുതിയ ഈ നാലുവരി കവിതയാണ് കറുത്ത ബോർഡറിനുള്ളിൽ സെറ്റ് ചെയ്ത എഡിറ്റോറിയലായി കൗമുദി വാരിക പുറത്തിറങ്ങിയത്- ഡോ.തമ്പാൻ പറഞ്ഞു.
വയലാർ രാമവർമ്മ സാംസ്കാരികോത്സവ കമ്മിറ്റി ചെയർമാൻ മുക്കംപാലമൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വയലാർ രാമവർമ്മ സാംസ്കാരികവേദി കൺവീനർ ജി.വിജയകുമാർ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ജയശ്രീ ഗോപാലകൃഷ്ണൻ, ട്രഷറർ ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പിന്നണി ഗായകരായ രവിശങ്കർ, അഖില ആനന്ദ്, പ്രാർത്ഥന രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പി.ഭാസ്കരൻ രചിച്ച ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും നടന്നു.
ഇന്ന് വൈകിട്ട് 5ന് വയലാർ സാഹിത്യ പുരസ്കാര സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.