1

ശ്രീകാര്യം: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ(സി.ഇ.ടി) ക്യാന്റീനിൽ വിളമ്പിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഊണിനൊപ്പം വിളമ്പിയ സാമ്പാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. തുടർന്ന് ക്യാന്റീൻ താത്കാലികമായി പൂട്ടി. ഊണ് കഴിക്കാൻ വരുന്നവർക്ക് ആദ്യം പാത്രത്തിൽ ചോറും കറികളും നൽകും. കഴിച്ചു തുടങ്ങുമ്പോൾ വീണ്ടും കറികളാവശ്യമുള്ളവർക്കായി കറികൾ നിറച്ച പാത്രങ്ങൾ ക്യാന്റീനിന്റെ ഒരു ഭാഗത്ത് വയ്ക്കും. ഇന്നലെ ഊണ് കഴിക്കുന്നതിനിടെ നാലാംവർഷ മെക്കാനിക്കൽ വിദ്യാർത്ഥി സാമ്പാർ പാത്രത്തിൽ കഷണങ്ങൾ എടുക്കാനായി തവിയിട്ട് പരതുമ്പോഴാണ് ചത്ത പല്ലിയെ കണ്ടത്. തുടർന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരവുമായി രംഗത്തെത്തുകയും ക്യാന്റീൻ താഴിട്ട് പൂട്ടുകയും ചെയ്തു. സംഭവമറിഞ്ഞ് പ്രിൻസിപ്പൽ അടിയന്തര മീറ്റിംഗ് വിളിച്ച് ക്യാന്റീൻ താത്കാലികമായി പൂട്ടാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് ശേഷം കോളേജിന് അവധിയും നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. പരിശോധനയ്ക്ക് ശേഷം പിഴ ഈടാക്കി താത്കാലികമായി ക്യാന്റീൻ അടച്ചിടാൻ നോട്ടിസ് നൽകി. ക്യാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിന് ശേഷമേ തുറക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പാങ്ങപ്പാറ സ്വദേശിയാണ് ക്യാന്റീൻ നടത്തിപ്പിന് ടെൻഡർ എടുത്തിരിക്കുന്നത്.