
നെടുമങ്ങാട്: മദ്ധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വാണ്ട കുന്നിൻമുകൾ ചരുവിളാകത്ത് പുത്തൻവീട്ടിൽ ശശി നൽകിയ പരാതിയിലാണ് അറസ്റ്റ്. അയൽവാസികളായ കരിപ്പൂര് വാണ്ട കുന്നുമുകൾ വീട്ടിൽ എസ്.ശ്രീജിത് (24),വാണ്ട കുന്നുംമുകൾ വീട്ടിൽ എസ്.സുജിത് (26) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരന്റെ അയൽവാസികളായ പ്രതികൾ 21ന് വൈകിട്ട് 5.30ഓടെ ശശിയുടെ സഹോദരിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികളോട് വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞപ്പോൾ ശ്രീജിത് പാന്റിന്റെ അരയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയെടുത്ത് പരാതിക്കാരന്റെ തലയിൽ വെട്ടി. ഒഴിഞ്ഞു മാറിയെങ്കിലും നെറ്റിയിൽ ആഴത്തിൽ പരിക്കേറ്റു. മുൻപ് സഹോദരിയെ ഉപദ്രവിച്ചതിന് പൊലീസിൽ പരാതി കൊടുത്തതാണ് വിരോധത്തിന് കാരണമെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ നെടുമങ്ങാട് ഉളിയൂർ ഭാഗത്തുവെച്ച് അറസ്റ്റ് ചെയ്തു. സ്ത്രീകളെ ഉപദ്രവിക്കൽ, വധശ്രമം തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. സുജിത് കാപ്പ കേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.