
തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന നടപടികൾ പുരോഗമിക്കുന്നില്ലെന്ന പരാതിക്കിടെ, പ്രസിദ്ധീകരിക്കാനിരിക്കുന്ന പുരുഷ ബറ്റാലിയൻ സിവിൽ പൊലീസ് ഓഫീസർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലും വൻ കുറവ്.ഏഴ് ബറ്റാലിയനുകളിലെ ചുരുക്കപ്പട്ടികയിൽ ഇത്തവണ ഉൾപ്പെട്ടിട്ടുള്ളത് 9,182 പേർ മാത്രമാണ്. കഴിഞ്ഞ പട്ടികയിൽ 16,517 പേരുണ്ടായിരുന്നു. ഇത്തവണ 7,335 പേരാണ് കുറഞ്ഞത്.
കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ ചുരുക്കപ്പട്ടിക 4,170 പേർ ഉൾപ്പെട്ട തിരുവനന്തപുരം എസ്.എ.പി.ക്കായിരുന്നു. ഇത്തവണ അത് 1,319 പേരായി ചുരുങ്ങി. 2,851 പേർ കഴിഞ്ഞ ലിസ്റ്റിനേക്കാൾ കുറഞ്ഞു. കെ.എ.പി-3 ബറ്റാലിയനിലാണ് ഇത്തവണ ഏറ്റവും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളത്- 1871 പേർ. കഴിഞ്ഞ തവണ 2115 പേരാണുണ്ടായിരുന്നത്. കെ.എ. പി-2 ബറ്റാലിയന്റെ ചുരുക്കപ്പട്ടികയിലാണ് ഏറ്റവും കുറവ് ഉദ്യോഗാർത്ഥികൾ- 945 പേർ. കഴിഞ്ഞ പട്ടികയിൽ 2610 പേരുണ്ടായിരുന്നു.
ഏഴ് ബറ്റാലിയനുകളുടെ ചുരുക്കപ്പട്ടികയിലെ മുഖ്യ പട്ടികയിൽ കഴിഞ്ഞ തവണ 9,621 പേരുണ്ടായിരുന്നത് ഇത്തവണ 5173 ആക്കി. സംവരണത്തിനുള്ള ഉപപട്ടികയിൽ കഴിഞ്ഞ തവണ 6896 പേരെ ഉൾപ്പെടുത്തിയെങ്കിലും ഇപ്പോൾ 4009 ആയിചുരുക്കി. ശാരീരിക അളവെടുപ്പും കായികപരീക്ഷയും കഴിയുമ്പോൾ റാങ്ക്പട്ടിക ഇനിയും ചുരുങ്ങും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നതും നിലവിലെ ലിസ്റ്റിൽ നിന്നും നിയമനം നടക്കാത്തതുമാണ് ചുരുക്കപ്പട്ടിക ചെറുതാക്കാൻ കാരണമാകുന്നത്.