തിരുവനന്തപുരം: കൂലിപ്പണിക്കാരനും നിർദ്ധനനുമായ മുതിർന്ന പൗരന് ലഭിച്ച 12,700 രൂപയുടെ ബില്ലിൽ 6 ഗഡുക്കളായി നൽകി കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിക്കാൻ വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർക്ക് മനുഷ്യാവകാശ കമ്മിഷന്റെ നി‌ർദ്ദേശം.

ഒന്നാമത്തെ ഗഡുവും കണക്ഷൻ പുനഃസ്ഥാപിക്കുന്ന ചാർജും അടച്ചശേഷം ജല അതോറിട്ടിക്കെതിരേ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ നൽകിയ കേസ് പിൻവലിച്ചതിന്റെ ഉത്തരവും ഹാജരാക്കിയാൽ കരമന അസിസ്റ്രന്റ് എൻജിനിയർ കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിച്ച് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

കരമന തളിയൽ സ്വദേശി പി.വെങ്കിടാചലം സമർപ്പിച്ച പരാതിയിലാണ് നടപടി. ഗഡുക്കളായി കുടിശിക അടയ്ക്കുന്ന കാലത്തോളം വാട്ടർ അതോറിട്ടി സ്വീകരിച്ച റവന്യു റിക്കവറി നടപടി നിറുത്തിവയ്ക്കുകയും അടച്ചുകഴിഞ്ഞാൽ നടപടികൾ പിൻവലിക്കുകയും വേണം. തവണ അടയ്ക്കുന്നതിൽ മുടക്കം വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കാനുള്ള അധികാരം വാട്ടർ അതോറിട്ടിക്കുണ്ടെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ കമ്മിഷനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.