പതിവായി ദർശനത്തിനെത്തുന്നവരുടെയും മൊഴിയെടുക്കും

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ ഓട്ടുരുളി പൊലീസ് കോടതിയിൽ ഹാജരാക്കി. കേസ് പരിഗണിക്കുന്ന ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2ലാണ് തൊണ്ടിമുതൽ ഹാജരാക്കിയത്. ക്ഷേത്രം അധികൃതർ അപേക്ഷ നൽകിയാൽ ഇത് ഉടൻ വിട്ടു നൽകും. വിചാരണ ഘട്ടത്തിൽ ആവശ്യമെങ്കിൽ ഇത് കോടതിയിൽ ഹാജരാക്കിയാൽ മതി. ഓട്ടുരുളി കണ്ടെത്തിയ ഉടൻ ക്ഷേത്രം അധികൃതരെ കാണിച്ച് ഉറപ്പാക്കിയിരുന്നു. അതേസമയം അന്വേഷത്തിന്റെ ഭാഗമായുള്ള മൊഴിയെടുക്കൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പുരോഗമിക്കുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ക്ഷേത്രം ജീവനക്കാർക്കും പൊലീസുകാർക്കും പുറമെ ക്ഷേത്രത്തിൽ സംഭവ സമയത്തുണ്ടായിരുന്ന പതിവായി ദർശനം നടത്തുന്നവരുടെയും മൊഴിയെടുക്കും. ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണിത്. മാറി കിട്ടിയ ഓട്ടുരുളിയുമായി അരമണിക്കൂറോളം ക്ഷേത്രത്തിനുള്ളിൽ ചുറ്റിതൊഴുതതായി ഓസ്ട്രേലിയയിലെ ഡോ.ഗണേഷ് ഝായുടെ മൊഴി. ഇത് സി.സി ടിവി ദൃശ്യങ്ങളിലുമുണ്ട്. ഉരുളി മാറി കിട്ടിയത് ഒറ്റക്കൽ മണ്ഡപത്തിന് താഴെ നിന്നാണെന്നും ഡോ. ഗണേഷ് ഝാ പറയുന്നു. ഇവിടെ സി.സി ടിവിയില്ലാത്തതിനാൽ സ്ഥിരമായി ദർശനത്തിനെത്തുന്നവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ച് മനസിലാക്കും. ദൃശ്യങ്ങൾ പരിശോധിച്ചാണ് മൊഴിയെടുക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കുന്നത്.

വിജയദശമി ദിനമായ ഈ മാസം 13ന് രാവിലെ 8നും 9നും ഇടയിലായിരുന്നു ഗണേഷ് ഝാ ഭാര്യയ്ക്കും ഇവരുടെ സഹോദരിക്കുമൊപ്പം ദർശനത്തിനെത്തിയത്. ഒറ്റക്കൽ മണ്ഡപത്തിന് താഴെ ക്യൂ നിൽക്കുന്നതിടെ പ്രമേഹരോഗ ബാധിതനായ ഇയാൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണു. ക്യൂവിലുണ്ടായിരുന്നവർ നിലത്തുവീണ പൂജാ സാധനങ്ങൾ എടുത്ത് സമീപത്തിരുന്ന ഓട്ടുരുളിയിലാക്കിയാണ് തനിക്ക് തന്നതെന്നാണ് ഝായുടെ മൊഴി. മൂവരും പടിഞ്ഞാറേനടയിലൂടെയാണ് ക്ഷേത്രത്തിലേക്ക് കയറിയതും തിരികെ പോയതും. 18നാണ് ഫോർട്ട് പൊലീസിൽ പരാതിയെത്തിയത്. തുടർന്നാണ് ഹരിയാനയിൽ നിന്ന് ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്ത്.