കഴക്കൂട്ടം: മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ കൈലാത്തുകോണം മേലതിൽ വീട്ടിൽ എസ്.പവിത്രന് (63) മർദ്ദനമേറ്റു.രണ്ടു പേരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ആറര യോടെയാണ് സംഭവം . ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കവെ ആറ്റിങ്ങൽ നിന്നു തിരുവനന്തപുരത്തേക്ക് വന്നവരാണ് പവിത്രനെ മർദ്ദിച്ചത്. കുന്നുകുഴി പുത്തൻ വീട്ടിൽ രതീഷ് (36), വേറ്റിനാട് വസന്തത്തിൽ നന്ദു (36) എന്നിവരാണ് പൊലീസ് പിടിയിലായത്. വൈകിട്ട് മംഗലപുരം ജംഗ്ഷനിൽ ഗതാഗത കുരുക്കായതിനാൽ പള്ളിപ്പുറത്തേക്കുള്ള വാഹനങ്ങളെ കാരമൂട് വഴിയാണ് തിരിച്ചു വിട്ടത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിനേയും വഴി തിരിച്ചു വിടാൻ ശ്രമിച്ചപ്പോൾ കാറിലെത്തിയവരും പവിത്രനും തർക്കമായി. തുടർന്ന് റോഡിന്റെ മധ്യ ഭാഗത്ത് കാർ നിർത്തിയ പ്രതികൾ പവിത്രനെ മർദ്ദിക്കുകയായിരുന്നു. കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ പിടി കൂടി പൊലീസിലേൽപ്പിച്ചു