k

തിരുവനന്തപുരം: തിരുമല,തൃക്കണ്ണാപുരം,മുടവൻമുകൾ മേഖലയിലെ പത്തോളം വീടുകളിൽ നിന്ന് വാട്ടർ മീറ്ററുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ.തൃക്കണ്ണാപുരം പാറമല പ്രയർ മൗണ്ട് പള്ളിക്ക് സമീപം കൃപ ഭവനിൽ സാറാമ്മ എന്ന് വിളിക്കുന്ന സുനിൽകുമാർ (43) ആണ് അറസ്റ്റിലായത്.വാട്ടർ മീറ്ററുകൾ മോഷണം പോയതായി പരാതികൾ ലഭിച്ചതോടെ പൂജപ്പുര പൊലീസ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി ചേർന്ന് പ്രതിയെ പിടികൂടുന്നതിന് രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. തൃക്കണ്ണാപുരം എം.എൽ.എ റോഡിൽ സജികുമാറിന്റെ 'ടിനു ഭവൻ' വീട്ടിൽ നിന്ന് മീറ്റർ മോഷ്ടിക്കവെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച നിരവധി വാട്ടർ മീറ്ററുകൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു.പൂജപ്പുര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുധീഷ്,സന്തോഷ് കുമാർ,സി.പി.ഒമാരായ ഉദയകുമാർ,അരുൺകുമാർ,അനുരാഗ്,ദിലീപ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.