
ചാലക്കുടി: പോട്ടയിലെ വീട്ടിൽ നിന്നും മ്ലാവിന്റെ മാംസം പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവീസ് (50) നെ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേയ്ഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പോട്ട സ്വദേശിയായ വീട്ടുടമയടക്കം രണ്ടു പേരെ നേരത്തെ പിടികൂടിയിരുന്നു. ഒളിവിലായിരുന്ന ഡേവിസിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. വെള്ളിക്കുളങ്ങര വനത്തിൽ നിന്നായിരുന്നു ഇവർ മ്ലാവിനെ പിടിച്ചത്. ആന കൊമ്പ് മോഷണം, സ്വർണക്കവർച്ച, ചന്ദനമോഷണം തുടങ്ങിയ കേസുകളിലും പ്രതിയാണിയാൾ. 2019 മെയ് മാസത്തിൽ മോസ്‌കോ നഗർ സ്വദേശി കായംകുളം വീട്ടിൽ നിഷാദിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ഇരുകാലുകളും കൈയ്യും തല്ലിയൊടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്. വെള്ളികുളങ്ങര, എറണാകുളം സെൻട്രൽ, തൃശൂർ ഈസ്റ്റ്, അതിരപ്പിള്ളി സ്റ്റേഷനുകളിലായി 13 ഓളം ക്രിമിനൽ കേസുകളുണ്ട്. കടുവയെ വെടിവച്ച് കൊന്നതിന് കർണാടക വനം വകുപ്പ് ഡേവിസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.