
കാഞ്ഞങ്ങാട്: ഉയർന്ന പലിശ വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ സർക്കിൾ ഇൻസ്‌പെക്ടർ ടി. ദാമോദരൻ അറസ്റ്റ് ചെയ്തു. പെരുമ്പള മേലത്ത് കുഞ്ഞിച്ചന്തു നായർ (60) ആണ് അറസ്റ്റിലായത്.
കോട്ടയം ആസ്ഥാനമായുള്ള സിക് സെക്ട് ഫൈനാൻസിൽ നിക്ഷേപിച്ച വൻതുക ഇടപാടുകാർക്ക് നൽകാതെ നീലേശ്വരം ബസ് സ്റ്റാൻഡിൽ പ്രവർത്തിപ്പിച്ച സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. 18 ശതമാനം വരെ പലിശ വാഗ്ദാനം നൽകി ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് നിക്ഷേപമായി പലരിൽ നിന്ന് സ്വീകരിച്ചത്.
2018ൽ നിക്ഷേപകന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പരാതിയെത്തിയതോടെയാണ് നീലേശ്വരത്തെ സ്ഥാപനം പൂട്ടി മുങ്ങിയത്. നീലേശ്വരത്തിന് പുറമെ ജില്ലക്കകത്തും പുറത്തുമായി നൂറോളം കേസുകളുണ്ട്. അമ്പലത്തറ പൊലീസിൽ മാത്രം 60 ഓളം കേസും. എല്ലാ കേസുകളിലും ഹോസ്ദുർഗ് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഉത്തർപ്രദേശിൽ ഒരു പുരോഹിതന്റെ അനുയായി കഴിയുകയായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം ഗുരുപുരത്തെത്തിയ വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയത്തെ വൃന്ദ രാജേഷ് ഒന്നാം പ്രതിയും കുഞ്ഞിച്ചന്തുനായർ രണ്ടാം പ്രതിയുമാണ്. തളിപ്പറമ്പിലെ സുരേഷ് ബാബുവും കേസിൽ പ്രതിയാണ്. ഏജന്റായ ചേടി റോഡ് സ്വദേശിനിയായ യുവതിയെ ആറ് കേസുകളിൽ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കുഞ്ഞിച്ചന്തു നായരെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.