കല്ലമ്പലം: കരവാരം പഞ്ചായത്തിൽ ഹരിതകർമ്മ സേനയുടെ മിനി എം.സി.എഫിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചു.17- ാം വാർഡിലുൾപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾ സ്വരൂപിച്ച് സൂക്ഷിച്ചിരുന്ന മാലിന്യങ്ങളാണ് കത്തി നശിച്ചത്.കഴിഞ്ഞ ദിവസം രാത്രി 2ഓടെയായിരുന്നു സംഭവം.ഉടൻ വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഫയർ ഫോഴ്സെത്തി തീകെടുത്തുകയും ചെയ്തു.നേരത്തെ മാലിന്യങ്ങൾ ഇവിടെനിന്ന് മാറ്റണമെന്ന് സ്വകാര്യ വ്യക്തി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും ഹരിതകർമ്മ സേനാംഗങ്ങൾ പറയുന്നു.വൃത്തിയാക്കി തരംതിരിച്ച് സൂക്ഷിച്ചിരുന്ന മാലിന്യങ്ങളിൽ തനിയെ തീ പടരില്ലെന്നും ആസൂത്രിതമായ പ്രവൃത്തിയാണ്‌ ഉണ്ടായതെന്നും പഞ്ചായത്ത് സെക്രട്ടറി ആരോപിച്ചു.ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർ കല്ലമ്പലം പൊലീസിന് പരാതി നൽകി.