
പള്ളിക്കൽ: മടവൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കവർച്ച നടന്നു.ക്ഷേത്രത്തിലെ അഞ്ച് കാണിക്ക വഞ്ചികളാണ് കുത്തിത്തുറന്ന് പണം കവർന്നത്.കൂടാതെ മേൽശാന്തിയുടെ മേശയിലുണ്ടായിരുന്ന ആയിരത്തോളം രൂപയും കവർന്നു.ഏകദേശം നാൽപ്പതിനായിരം രൂപയുടെ കവർച്ച നടന്നുവെന്ന് ക്ഷേത്രഭാരവാഹി മുരളീധരൻപിള്ള അറിയിച്ചു.ചുറ്റമ്പലത്തിനുള്ളിലെ തിടപ്പള്ളിയിൽ നിന്ന് കത്തിയും കൊടുവാളും എടുത്താണ് കാണിക്കവഞ്ചികൾ കുത്തി പൊളിച്ചതെന്ന് കരുതുന്നു.പ്രധാന കാണിക്ക വഞ്ചി ക്ഷേത്രത്തിന് പുറത്ത് കുത്തിപ്പൊളിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.പള്ളിക്കൽ പൊലീസിൽ ലഭിച്ച പരാതി അനുസരിച്ച് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.