
നെടുമങ്ങാട് : ക്ഷേത്ര മോഷണ കേസുകളിൽ പൊലീസ് അന്വേഷണം പ്രഹസനമെന്ന് വ്യാപക പരാതി. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ദിവസങ്ങളുടെ വ്യത്യാസത്തിൽ നാല് ക്ഷേത്രങ്ങളിലാണ് മോഷണം അരങ്ങേറിയത്. സമീപ സ്റ്റേഷൻ പ്രദേശത്ത് ഉൾപ്പെടെ പത്തോളം ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു. മോഷ്ടാവ് എന്ന് കരുതുന്നയാളുടെ സി.സി ടി.വി ദൃശ്യം ലഭിച്ചെങ്കിലും ശാസ്ത്രീയ പരിശോധനകൾ ഒന്നും നടക്കുന്നില്ല. ഫിംഗർപ്രിന്റ്, ഡോഗ് സ്ക്വാഡ് വിഭാഗങ്ങളുടെ സഹായം തേടാനും പൊലീസ് കൂട്ടാക്കുന്നില്ലെന്ന് ഭക്തജനങ്ങൾ. വേങ്കവിള ദുർഗാദേവി ക്ഷേത്ര ശ്രീകോവിൽ കുത്തിത്തുറക്കുകയും പരിസരത്തെ പത്തോളം കാണിക്കവഞ്ചികൾ തകർക്കുകയും ചെയ്തതാണ് മോഷണ പരമ്പരയിൽ ഏറ്റവും ഒടുവിലത്തേത്. ദുർഗാദേവി ക്ഷേത്രം ഓഫീസ് വാതിൽ തകർത്ത മോഷ്ടാവ് അലമാര അടിച്ചുപൊളിച്ച് സ്വർണപ്പൊട്ടുകൾ മോഷ്ടിച്ചു. എത്ര രൂപ നഷ്ടപ്പെട്ടുവെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. നാണയത്തുട്ടുകൾ ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.പാറയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര നടവഴിയിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം നിക്ഷേപിച്ച ബോക്സ് മോഷ്ടാവ് കൊണ്ടുപോയി. ഇവിടെനിന്ന് 200 മീറ്റർ മാറിയുള്ള പാറയിൽനട മേലാങ്കോട് ദേവീ ക്ഷേത്രത്തിലെ പട്ടറ മേശയും ഓഫീസ് വാതിലും തകർത്തു. അടുത്തിടെ രണ്ടാം തവണയാണ് മേലാങ്കോട് ക്ഷേത്രത്തിൽ മോഷണം നടന്നത്. പ്ലാവറ ശ്രീമഹിഷാസുര മർദിനി ദേവീ ക്ഷേത്രത്തിലും ഇതേകാലയളവിൽ മോഷണം നടന്നു. പരിസരത്തെ പഴയ വീടു കുത്തിത്തുറന്ന് കൂന്താലി, വെട്ടുകത്തി എന്നിവ എടുത്താണ് ശ്രീകോവിലിലെ പൂട്ട് തകർത്തത്. ക്യാഷ് കൗണ്ടറിൽ നിന്നു പണവും മോഷ്ടിച്ചു. മോഷ്ടാക്കളെ ഉടൻ കണ്ടെത്തുമെന്നാണ് പൊലീസിന്റെ ഔദ്യോഗിക പ്രതികരണം.
മോഷ്ടാക്കളെ അറസ്റ്റ് ചെയ്യണം: ശിവസേന
. മോഷണ പരമ്പര അരങ്ങേറിയിട്ടും പ്രതികളെ പിടിക്കാനോ അന്വേഷണം ശക്തമാക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ശിവസേന ജില്ലാ സെക്രട്ടറി കായ്പ്പാടി രാജേഷ് അറിയിച്ചു.പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് കരിപ്പൂർ പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കണ്ണാരംകോട് രാജേഷ്, മണ്ഡലം സെക്രട്ടറി ബൈജു കൊല്ലംകാവ് എന്നിവർ സംസാരിച്ചു.