
ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് ശ്രീപാദം സ്റ്റേഡിയത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള സ്പോർട്സ് ഹോസ്റ്റൽ സംരക്ഷണമില്ലാതെ നശിക്കുന്നു. പത്ത് വർഷം പഴക്കമുള്ള ഹോസ്റ്റലിൽ നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 110 ഓളം കായികതാരങ്ങൾ താമസിച്ച് പരിശീലനം നടത്തിവരുന്നു. ആകെ 80 കുട്ടികൾക്കാണ് ഇവിടെ താമസിക്കാൻ സൗകര്യമുള്ളത്. അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക്ക് ട്രാക്കാണ് ഇവിടെയുള്ളത്. അതാണ് വിദ്യാർത്ഥികളെ ആറ്റിങ്ങലിലേക്ക് ആകർക്ഷിക്കുന്നത്. എന്നാൽ ഇവർക്ക് താമസിക്കാൻ പര്യാപ്തമായ ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മുൻകാലങ്ങളിൽ സമ്മർ വെക്കേഷൻ സമയത്ത് ഹോസ്റ്റലിൽ പരിശീലനത്തിന് വിദ്യാർത്ഥികൾ കുറവായിരിക്കും.
പരാതികൾ മാത്രം
ഹോസ്റ്റലിൽ കഴിഞ്ഞ 5 വർഷമായി അറ്റകുറ്റപ്പണികൾ ഒന്നും ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ മുൻ വശങ്ങളിലെ മുറികൾ മാവേലി സ്റ്റോർ അടക്കമുള്ള എട്ടോളം സ്ഥാപനങ്ങൾ വാടകയ്ക്ക് പ്രവർത്തിക്കുന്നുണ്ട്. പ്രതിമാസം ഈ വകുപ്പിൽ ലക്ഷങ്ങളുടെ വരുമാനവും ഉണ്ട്. ഈ തുക ചെലവാക്കിയെങ്കിലും ഹോസ്റ്റൽ നന്നാക്കണമെന്നാണ് ആവശ്യം. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുന്നിലെ കിണറും മാലിന്യം കൊണ്ട് നിറഞ്ഞ നിലയിലാണ്. വെള്ളത്തിന് മുകളിൽ പാടപോലെ ഒരു നിറം കാണാം. ഈ കിണറ്റിൽ നിന്നാണ് ഹോസ്റ്റലിലേക്ക് വെള്ളമെടുക്കുന്നത്. പരിമിതിയിലാണിപ്പോൾ ഹോസ്റ്റലിന്റെ പ്രവർത്തനം.
നിലവിലെ അവസ്ഥ
മുറികളിൽ പലതിലും ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കാറില്ല
പൈപ്പ് ലൈനുകൾ പലയിടത്തും പൊട്ടിക്കിടക്കുന്നു
കെട്ടിടത്തിൽ ആൽമരങ്ങൾ വരെ തഴച്ചുവളരുന്നു
മുറികളിലെ എ.സിയിൽ പോലും വള്ളിപ്പടർപ്പുകൾ മൂടി
അഞ്ചിടങ്ങളിലായി കാട്ടുതേനീച്ചകൂടുകളും
ചില മുറികളിലെ ജനൽ ഗ്ലാസുകളും പൊട്ടി
ഡ്രെയിനേജ് പൈപ്പുകൾ പൊട്ടി മലിനജലം കെട്ടിക്കിടക്കുന്നു.