തിരുവനന്തപുരം: സാങ്കേതികവിദ്യ ഉപയോഗിച്ച് പുരാരേഖകളെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പുരാരേഖാ സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവൻ കോമ്പൗണ്ടിലെ പുരാവസ്തു കാര്യാലയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. താളിയോലരേഖകളും ചരിത്രരേഖകളും ഭാവി തലമുറയ്ക്കായി ശാസ്ത്രീയ സംരക്ഷണം നടത്താനാണ് സർക്കാരിന്റെ ശ്രമം. വിവിധ ഓഫീസുകളിൽ സർക്കാർ നടത്താനുദ്ദേശിക്കുന്ന രേഖകളുടെ ശാസ്ത്രീയ സംരക്ഷണം, വിഷയ സൂചിക തയ്യാറാക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. പുരാരേഖാ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി.എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻ പിള്ള, ആർക്കിവിസ്റ്റ് ആർ.അശോക് കുമാർ എന്നിവർ സംസാരിച്ചു.