
വക്കം: വക്കം പണയിൽകടവ് റോഡിൽ ഗുരുമന്ദിരത്തിന് സമീപം റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫ് അപകടങ്ങൾക്ക് കാരണമാകുന്നു. ഇടുങ്ങിയ റോഡിൽ എസ് വളവിലാണ് എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാർ മിക്കപ്പോഴും ഇതിന്റെ ഷീറ്റിട്ട മേൽക്കൂരയിൽ തട്ടിവേണം പോകാൻ. രണ്ട് വാഹനങ്ങൾ ഒന്നിച്ച് വളവ് തിരിഞ്ഞാൽ ഇതിൽ തട്ടുമെന്നത് ഉറപ്പാണ്. ശേഖരണ കൂടിന്റെ മേൽമൂടിയുടെ ഒരു ഭാഗം ഇതിനോടകം തകർന്നു. കേരള പൊലൂഷൻ കൺട്രോൾ ബോർഡിന്റെ സർക്കുലർ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വാർഡ് ഒന്നിലെ എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്.
പറഞ്ഞിട്ടും കേൾക്കാതെ
വക്കം, പണയിൽകടവ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അനധികൃതമായി സ്ഥാപിച്ചിട്ടുള്ളവയെല്ലാം മാറ്റിനൽകണമെന്ന് പൊതുമരാമത്ത് വകുപ്പ് സർക്കുലർ നൽകിയിട്ട് പത്ത് മാസം കഴിഞ്ഞു. എന്നിട്ടും ഇത് ഇവിടെനിന്ന് മാറ്റിയിട്ടില്ല. ടാറിംഗ് പൂർത്തിയാക്കിയതും വളരെ ബുദ്ധിമുട്ടിയാണ്. ഇനി റോഡിനിരുവശവും മെറ്റൽ നിരത്തി കോൺക്രീറ്റ് ചെയ്യണം. എം.സി.എഫ് ഇവിടെ നിന്ന് മാറ്റിയാലേ അതിന് സാധിക്കൂ. ഇല്ലെങ്കിൽ ശക്തമായ മഴയിൽ റോഡ് ഇടിയാൻ സാദ്ധ്യതയുണ്ട്.
വളവായതിനാലും, രാത്രികാലങ്ങളിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും അപകടത്തിന് ആക്കം കൂട്ടുന്നു.