
തിരുവനന്തപുരം: സഹകരണമേഖലയിൽ നിന്നുള്ള കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുമായി സഹകരണവകുപ്പ് മുന്നോട്ടുപോവുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയിലെ കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സഹകരണ എക്സ്പോയുടെ ആദ്യ രണ്ട് എഡിഷനുകൾ വൻ വിജയമായിരുന്നു. മൂന്നാം എഡിഷൻ കോഴിക്കോട് സംഘടിപ്പിക്കാൻ തീരമാനിച്ചിരുന്നെങ്കിലും വയനാട് ദുരന്തത്തെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. സഹകരണ എക്സ്പോ 2025 തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും 'സഹകരണം സുതാര്യം" ടെലിവിഷൻ പരിപാടിയുടെ പ്രകാശനവും സഹകരണ എക്സ്പോ- 2025ന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണ എൻ. മാധവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഡി.സജിത് ബാബു, ഷെറിൻ.എം.എസ്, കെ.സജീവ് കർത്ത തുടങ്ങിയവർ സംസാരിച്ചു.