തിരുവനന്തപുരം: 2023ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാര സമർപ്പണം 30ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.വൈകിട്ട് 4.30ന് പട്ടത്തെ ജോസഫ് മുണ്ടശ്ശേരി സാംസ്കാരിക പഠനകേന്ദ്രത്തിലാണ് പരിപാടി.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മുണ്ടശ്ശേരിയുടെ പേരിൽ രണ്ട് അവാർഡുകളാണ് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ നൽകുന്നത്.
കലാസാഹിത്യ സാംസ്‌കാരികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം അദ്ധ്യാപകനും, നാടകസാഹിത്യകാരനും, ഭാഷാപണ്ഡിതനുമായ വട്ടപ്പറമ്പിൽ പീതാംബരന് നൽകും.50,001 രൂപ ക്യാഷ് അവാർഡും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.യുവ എഴുത്തുകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് 'മഞ്ഞുരുകുമ്പോൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഡോ.യു.ആതിരയ്ക്ക് നൽകും.10001രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.