
ബാങ്കിംഗ് മേഖലയുടെ മുഖമുദ്ര വിശ്വാസ്യതയാണ്. ആവശ്യം വരുമ്പോൾ തിരിച്ചെടുക്കാം എന്ന വിശ്വാസത്തിലാണ് ജനങ്ങൾ ബാങ്കിൽ പണമിടുന്നത്. അങ്ങനെയല്ലാത്ത ഒരു ബാങ്കിലും ആരും പണമിടില്ല. ദേശസാത്കരണത്തിനു മുമ്പ് സ്വകാര്യ വ്യക്തികളും ട്രസ്റ്റുകളുമാണ് ബാങ്കിംഗ് വ്യവസായം നടത്തിയിരുന്നത്. കേന്ദ്ര സർക്കാർ ബാങ്കുകൾ ഏറ്റെടുത്തിനു ശേഷവും രാഷ്ട്രീയക്കാരല്ല, ഉദ്യോഗസ്ഥരാണ് ബാങ്ക് നിയന്ത്രിച്ചിരുന്നത്. മേൽനോട്ടത്തിന് റിസർവ് ബാങ്കും നിലവിലുണ്ട്. ഇപ്പോഴും കുറ്റമറ്റ രീതിയിൽത്തന്നെയാണ് ബാങ്കിംഗ് രംഗം സാധാരണക്കാരെ സംബന്ധിച്ച് മുന്നോട്ടു പോകുന്നത്. ബാങ്കിംഗ് തട്ടിപ്പ് നടത്തുന്നവരിൽ കൂടുതലും വൻ സമ്പന്നരും വ്യവസായികളും മറ്റുമാണ്. പക്ഷേ അതൊന്നും സാധാരണക്കാരന്റെ നിക്ഷേപം പിൻവലിക്കുന്നതിന് തടസമായിട്ടില്ല. ഇന്ത്യയിലെ ബാങ്കിംഗ് രംഗത്തിന് സമാന്തരമായി, പ്രാദേശികമായി ഉയർന്നുവന്നതാണ് സഹകരണ സംഘങ്ങൾ.
വളരെ സത്യസന്ധരായ ആളുകളാണ് പണ്ടൊക്കെ സഹകരണ സംഘങ്ങൾ നടത്തിയിരുന്നത്. ഒരു സംഘവുമായും ബന്ധപ്പെട്ട് ക്രമക്കേടുകളുടെ വാർത്തകൾ അന്നൊന്നും കേട്ടിരുന്നില്ല. ഇന്നാകട്ടെ, സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടുകളാണ് ഒന്നിനു പിന്നാലെ മറ്റൊന്നായി പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ നേമം സർവീസ് സഹകരണ ബാങ്കിന്റെ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ നിക്ഷേപകരെ കബളിപ്പിച്ച് ഏതാണ്ട് 62 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. 2023-24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത്രയും രൂപ ബാങ്കിന് നഷ്ടം സംഭവിച്ചതായി കണ്ടെത്തിയത്. ഇക്കാലയളവിൽ 11.84 കോടിയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് പലിശയായി ചെലവഴിച്ചത്. എന്നാൽ നൽകിയ വായ്പകളിൽ പലിശയായി ബാങ്കിന് ലഭിച്ചത് 2.73 കോടി മാത്രവും!
മിക്കവാറും ഒരു പാർട്ടിയുടെ മാത്രം ആളുകൾ ഭരിക്കുന്ന സഹകരണ ബാങ്കുകളിലാണ് ഏറ്റവും വലിയ തട്ടിപ്പുകൾ നടക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തൃശൂർ കരുവന്നൂർ ബാങ്കിലെ തട്ടിപ്പ്. തിരുവനന്തപുരം ജില്ലയിലെ കണ്ടല ബാങ്കിൽ നടന്ന വെട്ടിപ്പും വ്യത്യസ്തമല്ല. രണ്ടു പതിറ്റാണ്ടിലേറെയായി നേമം സർവീസ് സഹകരണ ബാങ്കിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളാണ്. ഭാരവാഹികൾ മാറിമാറി വന്നാലും സംഘത്തിന്റെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ഏതാനും പേരാണ്. പലതവണ ഇവർക്കെതിരെ പരാതികൾ ഉയർന്നെങ്കിലും പാർട്ടി കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. പാർട്ടിക്കും മുകളിൽ ഏതാനും സ്ഥാപിത താത്പര്യക്കാരായ നേതാക്കളിൽ മാത്രമായി സംഘത്തിന്റെ നിയന്ത്രണം ചുരുങ്ങിയതാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് ഇടയാക്കിയത്.
സംഘത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ടു കോടിയോളം രൂപയാണ് അടങ്കൽ തയ്യാറാക്കിയത്. എന്നാൽ സഹകരണ രജിസ്ട്രാറുടെ അനുമതി വാങ്ങാതെ നാലരക്കോടി രൂപ ഇതിന് ചെലവഴിച്ചു.
സംഘത്തിലെ ചില ഭാരവാഹികൾ സ്ഥാപനങ്ങൾ തുടങ്ങിയതും വാഹനങ്ങൾ വാങ്ങിയതും കെട്ടിടങ്ങൾ നിർമ്മിച്ചതും അന്വേഷിക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സെക്രട്ടറി ബന്ധുക്കളുടെയും കുടുംബക്കാരുടെയും പേരിൽ കുറഞ്ഞ പലിശയ്ക്ക്, ആവശ്യമായ രേഖകൾ സമർപ്പിക്കാതെ 40 ലക്ഷത്തോളം രൂപ വായ്പയെടുത്തതായും ആരോപണമുണ്ട്. നിക്ഷേപകർ കൂട്ടമായി പരാതി സമർപ്പിക്കാൻ എത്തിയതോടെ നേമം പൊലീസ് സ്റ്റേഷനിൽ പ്രത്യേക കൗണ്ടർ തുറക്കേണ്ടിവന്നിരിക്കുകയാണ്. രണ്ടുദിവസത്തിനുള്ളിൽ 800 പരാതികളാണ് ലഭിച്ചത്! ഓഡിറ്ററുടെ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി പണം നിക്ഷേപിച്ചവർ ദിവസവും ബാങ്കിലെത്തി വെറുംകൈയോടെ മടങ്ങുകയാണ്. സർക്കാർ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിൽ ഹാജരാക്കണം. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി മാതൃകാപരമായ ശിക്ഷ നൽകിയാൽ മാത്രമേ ഇതുപോലുള്ള തട്ടിപ്പുകൾ ഭാവിയിൽ തടയാനാകൂ. ഇത്തരം സഹകരണ സംഘങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ അപ്രമാദിത്വം ഒഴിവാക്കാനുള്ള നടപടികളും ഉണ്ടാകണം.