തിരുവനന്തപുരം: മൃഗശാലയിൽ പുതിയ പക്ഷി മൃഗാദികളെ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മൃഗശാലയിൽ നിർമ്മാണം പൂർത്തിയാക്കിയ കരപക്ഷികളുടെ പരിബന്ധനത്തിന്റെയും, ക്വാറന്റൈൻ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മക്കാവു ഉൾപ്പെടെയുള്ള പക്ഷികൾ മൃഗശാലയിലെത്തിയ സാഹചര്യത്തിലാണ് കരപക്ഷികൾക്കുള്ള പരിബന്ധനം സജ്ജീകരിച്ചത്. പുതിയ ജീവികളെ എത്തിക്കുമ്പോൾ ഒരു മാസമെങ്കിലും മാറ്റിനിറുത്തി അസുഖം സാദ്ധ്യത നിരീക്ഷിക്കുന്നതിനാണ് ക്വാറന്റൈൻ കേന്ദ്രം സജ്ജീകരിച്ചത്.സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള ഈ പദ്ധതികൾ തിരുവനന്തപുരം മൃഗശാലയുടെ ആധുനീകരണത്തിൽ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി പറഞ്ഞു. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ്.വി,വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ,മൃഗശാല സൂപ്രണ്ട് വി.രാജേഷ് എന്നിവർ പങ്കെടുത്തു.