
തിരുവനന്തപുരം: തലസ്ഥാനത്തു തന്നെ ഏറ്റവും തിരക്കേറിയ പൊലീസ് സ്റ്റേഷനായ ഫോർട്ട് സ്റ്റേഷനിലെ ജീവനക്കാരുടെ ദുരവസ്ഥ തുടങ്ങിയിട്ട് കാലങ്ങളായി.രണ്ട് കെട്ടിടങ്ങളുള്ള പൊലീസ് സ്റ്റേഷന്റെ ഒരു കെട്ടിടം എപ്പോൾവേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം ഇപ്പോൾ ജീർണാവസ്ഥയിലാണ്.കിഴക്കേകോട്ടയ്ക്ക് സമീപം കോട്ടയുടെ എതിർവശത്താണ് ഫോർട്ട് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.ഒരു വർഷത്തിൽ മൂവായിരത്തിലധികം കേസാണ് ഈ സ്റ്റേഷനിൽ കൈകാര്യം ചെയ്യുന്നത്.ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന്റെ അവസ്ഥ അധികൃതരെ പലവട്ടം ബോദ്ധ്യപ്പെടുത്തിയെങ്കിലും ഇതുവരെ അറ്റകുറ്റപ്പണിക്കുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. രണ്ട് കെട്ടിടങ്ങളായാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.ഒരെണ്ണം പുതിയ ബഹുനില കെട്ടിടമാണ്.പുതിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ്.താഴത്തെ നിലയിലാണ് എസ്.എച്ച്.ഒ ഓഫീസും സെല്ലുമൊക്കെ പ്രവർത്തിക്കുന്നത്.പഴകിയ കെട്ടിടത്തിലാണ് വിശ്രമമുറി,ഡാറ്റാ ബാങ്ക്,എസ്.ഐമാരുടെ ഓഫീസ് എന്നിവയുള്ളത്.പുതിയ കെട്ടിടത്തിൽ സ്ഥലപരിമിതിയുള്ളത് കൊണ്ടാണ് മറ്റു ഭാഗങ്ങൾ ഇപ്പോഴും പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
പേടിച്ച് കയറണം വിശ്രമമുറിയിൽ
100 ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്. പഴയ കെട്ടിടത്തിലാണ് പൊലീസുകാരുടെ വിശ്രമമുറി.എന്നാൽ ഇവിടെ സ്വസ്ഥമായി വിശ്രമിക്കാൻ പറ്റില്ല. മഴ പെയ്താൽ പറയേണ്ട. കുട പിടിച്ച് അതിനകത്ത് നിൽക്കേണ്ട അവസ്ഥയാണ്.ഓടിട്ട കെട്ടിടത്തിൽ വലിയ ചോർച്ചകളാണുള്ളത്. ഇതുകൂടാതെ ഭിത്തിയിൽ വിള്ളൽ വീണിട്ടുണ്ട്. ജനലുകളെല്ലാം ചിതലരിക്കുന്ന അവസ്ഥയിലാണ്.
മഴ വന്നാൽ ഭയക്കണം
ശക്തമായ മഴയും കാറ്റുമൊക്കെ വന്നാൽ പഴയ കെട്ടിടത്തിൽ ജോലി ചെയ്യാൻ ജീവനക്കാർക്കും പേടിയാണ്.ഏത് നിമിഷവും നിലംപൊത്താറായ മേൽക്കൂരയുൾപ്പെടെ പൊളിഞ്ഞ് വീഴുമെന്ന ആശങ്കയും അവർക്കുണ്ട്.സ്റ്റേഷനിലെ കേസ് ഫയലുകൾ സൂക്ഷിക്കുന്നത് പഴയ കെട്ടിടത്തിലാണ്.മഴ പെയ്യുമ്പോൾ ചോർന്നൊലിച്ച് ഫയലുകളെല്ലാം നനയുന്ന സ്ഥിതിയുമുണ്ട്.ഓടിട്ട മേൽക്കൂര ഇപ്പോൾ ഭൂരിഭാഗവും ദ്രവിച്ച അസ്ഥയിലാണ്.കുറേയധികം ഓടുകൾ ദ്രവിച്ച് നശിച്ചുപോയി.ചോർച്ച കൂടിയതുകാരണം പൊലീസുകാർതന്നെ പൈസ മുടക്കി മേൽക്കൂരയ്ക്ക് മുകളിൽ ടാർപ്പോളിൻ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്.
വാഹനങ്ങളുണ്ട്, പാർക്ക് ചെയ്യാൻ സ്ഥലമില്ല
സ്റ്റേഷനിൽ ആവശ്യത്തിന് വാഹനങ്ങളുണ്ടെങ്കിലും അത് പാർക്ക് ചെയ്യാൻ സ്ഥലമില്ല.സ്റ്റേഷനിൽ രണ്ടോ മൂന്നോ വാഹനം പാർക്ക് ചെയ്താൽ അവിടെ നിറയും.ഇതുകൂടാതെ പിടിച്ചെടുത്ത വാഹനങ്ങളും കൂട്ടിയിട്ടിരിക്കുന്നത് കാരണം സ്ഥലപരിമിതിയുമുണ്ട്. കുറെ ഇരുചക്രവാഹനങ്ങൾ റോഡിന്റെ വശത്താണ് കൂട്ടിയിട്ടിരിക്കുന്നത്.
അതീവ സുരക്ഷാമേഖല
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം,കോട്ട,കുതിരമാളിക,തുഞ്ചൻ സ്മാരകം,ആറ്റുകാൽ ക്ഷേത്രം,പഴവങ്ങാടി ഗണപതി ക്ഷേത്രം എന്നിവ അടങ്ങുന്നതാണ് പൊലീസ് സ്റ്റേഷൻ.ഈ അതീവസുരക്ഷ മേഖലയിലെ പൊലീസ് സ്റ്റേഷന്റെ ദുരവസ്ഥയിൽ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
ലേഖകന്റെ ഫോൺ - 7034071061