
വർക്കല: ഭൂമിയിൽ പൊന്നുവിളയിച്ച് വനിതാ കൂട്ടായ്മ. തരിശു ഭൂമിയും കാടുപിടിച്ചുകിടന്ന ഭൂമിയും ഭൂവുടമയ്ക്ക് വേണ്ടാതെകിടന്ന ഭൂമിയുമെല്ലാം ഏറ്റെടുത്ത് കൃഷി ചെയ്യും. ഇടവ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയാണ് നന്മ, ചെറുപുഷ്പം എന്നീ കൃഷിക്കൂട്ടങ്ങൾ. എല്ലാ ദിവസവും തൊഴിൽ ചെയ്യുകയെന്ന ആശയത്തിൽ നിന്ന് ഉടലെടുത്തതാണ് ഈ വനിതാ കൂട്ടായ്മ. നന്മയുടെ ഗ്രൂപ്പ് ലീഡർ ബി.ഗീതയും ചെറുപുഷ്പത്തിന്റെ ഗ്രൂപ്പ് ലീഡർ എൻ.ബീനയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇടവ കൃഷിഭവൻ ജീവനക്കാരും കൃഷി ഓഫീസർ അനശ്വരയും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. സംരംഭകയും തൊഴിലുറപ്പ് തൊഴിലാളിയുമായ ഇടവ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം കൊച്ചാഴാന്ത വിളയിൽ വീട്ടിൽ ജെ.ഹലീമ ബീവിയുടെ മനസിലുദിച്ച ആശയമാണിത്.
സജീവമായ്
കഴിഞ്ഞ രണ്ട് വർഷങ്ങളായി കൃഷിക്കൂട്ടം സജീവമാണ്. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി തന്നെയാണ് ഇവർക്ക് ദിവസേന കിട്ടുന്നത്. കാർഷികവിളകൾ വിറ്റുകിട്ടുന്ന പണമാണ് കൂലിയായെടുക്കുന്നത്. ലാഭത്തുക ബാങ്ക് നിക്ഷേപമാക്കും. ഓണക്കാലമാകുമ്പോൾ ലാഭവിഹിതം ബോണസായി എല്ലാവർക്കും നൽകും. അപ്പോഴും അടുത്ത കൃഷിക്ക് വേണ്ട കരുതൽധനം ബാങ്കിലുണ്ടാകും. കഴിഞ്ഞ ഓണക്കാലത്ത് 13 പേർക്ക് പതിനായിരം രൂപവീതം ബോണസ് ലഭിച്ചിരുന്നു.
365 ദിവസവും തൊഴിൽ
സൗജന്യമായാണ് ഭൂവുടമകൾ ഇവർക്ക് വസ്തുക്കൾ കൃഷിക്കായി നൽകിയിരിക്കുന്നത്. വൈദ്യുതി ചാർജ് മാത്രം ഒടുക്കിയാൽ മതി. 10പേർ വീതമുള്ള 2 ഗ്രൂപ്പുകളായാണ് ഇവർ തൊഴിലെടുക്കുന്നത്. തൊഴിലുറപ്പ് പദ്ധതിവഴി ലഭിക്കുന്ന തൊഴിൽദിനങ്ങൾ ഉൾപ്പെടെ വർഷത്തിൽ 365ദിവസവും ഇവർ തൊഴിൽ ചെയ്യുന്നു. ഓരോ സീസണിലും വെവ്വേറെ കൃഷികളാണ് ചെയ്യുന്നത്. പച്ചക്കറികൾ,കിഴങ്ങു വർഗ്ഗങ്ങൾ,പൂക്കൾ തുടങ്ങിയ കൃഷികളും ചെയ്യുന്നുണ്ട്.
കർഷകക്കൂട്ടായ്മ നാടിന്റെ അഭിമാനം
6ഏക്കർ വസ്തുവിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.തൊഴിലുറപ്പ് പദ്ധതി പണിയുള്ള ദിവസങ്ങൾ അതിനായി പോകും. മറ്റ് ദിവസങ്ങളിലാണ് സ്വയംസംരംഭക പണികൾ. സർക്കാരിന്റെ ഭൂവികസന പദ്ധതികൂടി ലക്ഷ്യമാക്കിയുള്ള പ്രവൃത്തിയാണ് തങ്ങൾ ഏറ്റെടുക്കുന്നതെന്ന് ഇവർ പറയുന്നു. ദിവസേന വിളവെടുപ്പ് ലക്ഷ്യമാക്കിയുള്ള കൃഷി രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഓരോ ദിവസവും 15മുതൽ 25കിലോ വരെ വിളവുണ്ടാകാറുണ്ട്. കൃഷിഭവൻ ഏർപ്പെടുത്തിയിട്ടുള്ള കർഷക കൂട്ടായ്മയുടെ മാർക്കറ്റിലും വിളകൾ വില്പനയ്ക്കെത്തിക്കുന്നുണ്ട്.